സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് സ്റ്റേ ഇല്ല

1 min read

കൊച്ചി: സാങ്കേതിക സര്‍വ്വകലാശാല വിസിയുടെ നിയമനം ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവും സ്റ്റേയും ഇല്ലെന്ന് ഹൈക്കോടതി .വിസിയുടെ പേര് ശിപാര്‍ശ ചെയ്യാനുളള അവകാശം സര്‍ക്കാരിനെന്ന് എ ജി വാദിച്ചു.താല്‍ക്കാലിക നിയമനങ്ങള്‍പോലും യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചേ നിയമിക്കാനാകൂ എന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ വാദിച്ചു.സമാനമായ മറ്റൊരു കേസുകൂടി ഉണ്ടെന്നും അതിനൊപ്പം ഈ ഹര്‍ജി നാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. യുജിസിയെക്കൂടി ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഇടക്കാല ഉത്തരവ് വേണമെന്ന് എജി ആവശ്യപ്പെട്ടു, നിയമനം ഇപ്പോള്‍ സ്റ്റേ ചെയ്യാനാകില്ലെന്നും വെളളിയാഴ്ച കേസ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വിസിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് ഡോ. സിസ തോമസിന് വിസിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കെടിയു വിസിയുടെ ചുമതല നല്‍കിയത്. വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോക്ടര്‍ എം എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടര്‍ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ പി എസ് ശ്രീജിത്തിന്റെ പരാതിയിലായിരുന്നു നടപടി.

അതിനിടെ കെ ടി യു വി സി ക്ക് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി. സാങ്കേതിക സര്‍വ്വകലാശാലയില്‍ എത്തിയ വിസിയെ പ്രധാന കവാടത്തിലെ മുന്നില്‍ വച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു കരിങ്കൊടി കാണിച്ചു. പോലീസ് എത്തി പ്രവര്‍ത്തകരെ ബലമായി പിടിച്ചു മാറ്റിയ ശേഷമാണ് വിസി അകത്തേക്ക് പ്രവേശിച്ചത്.

Related posts:

Leave a Reply

Your email address will not be published.