പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒളിവില്‍? രണ്ട് പേരെ ഉടൻ പിടികൂടുമെന്ന് എൻഐഎ
1 min readകൊച്ചി : വ്യാപക റെയ്ഡ് നടത്തി പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കുരുക്കിട്ടതിന് പിന്നാലെ കൂടുതൽ കടുത്ത നടപടികളിലേക്ക് എൻഐഎ. കേരളത്തിൽ നിന്ന് ഇനിയും നേതാക്കളെ പിടികൂടാനുണ്ടെന്നാണ് അന്വേഷണ ഏജൻസി അറിയിക്കുന്നത്.
പോപ്പുലർഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ്, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ എന്നിവരാണ് അറസ്റ്റിലാകാനുള്ളത്. ഇവർ ഒളിവിലാണ് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഇന്നലെ വിവിധ ജില്ലകളിലായി നടത്തിയ റെയ്ഡിൽ 25 പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നിന്ന് രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയുമുണ്ടായി. രാജ്യത്താകെ 106 പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് അറസ്റ്റിലായത്.
ഒഎംഎ സലാം, അബ്ദുറഹ്മാൻ, പി കോയ, അനീസ് അഹമ്മദ്, അഫ്സർ പാഷ, അബ്ദുൽ വാഹിദ്, ജസീർ, ഷഫീർ, അബൂബക്കർ, മുഹമ്മദ് ബഷീർ, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, അസിഫ് മിർസ, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ്, കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് ഇന്നലെ പിടികൂടിയത്. ഇതിൽ പല നേതാക്കളെയും ഡൽഹിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനാണ് തലസ്ഥാനത്തേക്ക് കൊണ്ടുപോയത്.