മ്യൂസിയം കേസ്: മന്ത്രിയെ കളിയാക്കി വിഡി സതീശന്‍

1 min read

തിരുവനന്തപുരം: മ്യൂസിയം ആക്രമണ കേസിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടും പ്രതിയാരാണെന്ന് മന്ത്രിയുടെ ഓഫീസിലെ ആര്‍ക്കും മനസ്സിലായില്ല എന്നത് അവിശ്വസനീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മന്ത്രിയുടെ ഓഫീസില്‍ നിയന്ത്രണവുമില്ലേ എന്നും സതീശന്‍ ചോദിച്ചു. ഒരു കരാര്‍ ജീവനക്കാരന് ഔദ്യോഗിക കാര്‍ ഏത് സമയത്തും എടുത്തുകൊണ്ട് പോകാന്‍ കഴിയുമോ. മന്ത്രിയുടെ വണ്ടി കരാര്‍ ജീവനക്കാരന് ഏതു സമയത്തും എടുത്തു കൊണ്ട് പോകാം എന്നാണോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടതെന്നും സതീശന്‍ ചോദിച്ചു. അതേസമയം പിഎസിന്റെ ഡ്രൈവര്‍ അറസ്റ്റിലായതില്‍ മന്ത്രിയെ കുറ്റപ്പെടുത്താനാകില്ല എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമം കാണിച്ച കേസില്‍ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലയിന്‍കീഴ് മഞ്ചയില്‍ സ്വദേശി സന്തോഷ് കുമാര്‍ (39) ആണ് അറസ്റ്റിലായത്. 10 വര്‍ഷമായി ഇയാള്‍ ഇറിഗേഷന്‍ വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവറാണ്. നിലവില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് സന്തോഷ് കുമാര്‍. അതിക്രമിച്ചു കയറല്‍, മോഷണ ശ്രമം എന്നിവ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ ഇന്ന് അറസ്റ്റ് ചെയ്തത്.

കുറവന്‍കോണത്തും മ്യൂസിയത്തിലും അതിക്രമം നടത്തിയത് ഒരേ ആള്‍ തന്നെ. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തായിരുന്നു പ്രതിയുടെ ആക്രമണം. മന്ത്രിമാര്‍ക്കും പ്രൈവറ്റ് സെക്രട്ടറിക്കും മാത്രമാണ് ഔദ്യോഗിക കാര്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. പിഎസിന്റെ കാറില്‍ ഡ്രൈവര്‍ സന്തോഷ് സ്ഥിരമായി കറങ്ങി നടന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഓരോ ദിവസവും വാഹനം ഓടിയതിന്റെ വിവരം ലോഗ് ബുക്കില്‍ രേഖപ്പെടുത്തണം എന്നാണ് വ്യവസ്ഥ. ഉപയോഗ ശേഷം സെക്രട്ടേറിയറ്റില്‍ വാഹനം പാര്‍ക്ക് ചെയ്യുകയും വേണം. എന്നാണ് എപ്പോഴാണ് വണ്ടി എടുത്ത് കൊണ്ട് പോയതെന്ന് അറിയില്ലെന്നാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പറയുന്നത്. അനുവദിച്ച വാഹനം ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഉപയോഗിച്ചത് ലോഗ് ബുക്കിലുണ്ടെന്നും ബാക്കി കാര്യങ്ങള്‍ പൊലീസ് നോക്കട്ടെ എന്നും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരന്‍ നായര്‍ പ്രതികരിച്ചു

Related posts:

Leave a Reply

Your email address will not be published.