എഎന്‍ ഷംസീറിന്റെ സഹോദരന് കോഴിക്കോട് സൗത്ത് ബീച്ചില്‍ അനധികൃത നിര്‍മാണം നടത്തി’; കോണ്‍ഗ്രസ് പ്രതിഷേധം
1 min read
കോഴിക്കോട്: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരന് എഎന്‍ ഷാഹിര്‍ കോഴിക്കോട് സൗത്ത് ബീച്ചില്‍ നടത്തിയ അനധികൃത നിര്‍മ്മാണത്തിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങി. എഎന്‍ ഷാഹിര്‍ മാനേജിംഗ് ഡയറക്ടറായ സ്ഥാപനം തുറമുഖ വകുപ്പിന്റെ സ്ഥലം നിസ്സാര വിലയ്ക്ക് പാട്ടത്തിനെടുത്താണ് അനധികൃത നിര്‍മ്മാണം നടത്തിയത്. കോര്പറേഷന് ഇടപെട്ട് നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചിരിക്കുകയാണ്.
വഴിവിട്ട നീക്കത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സമരം തുടങ്ങിയത്. കണ്ണൂര്‍ ആസ്ഥാനമായ പ്രദീപ് ആന്‍ഡ് പാര്‍ട്ണേഴ്സ് എന്ന സ്ഥാപനമാണ് സൗത്ത് ബിച്ചിലെ തുറമുഖ വകുപ്പിന്റെ കെട്ടിടം നിസ്സാരം വിലയ്ക്ക് പാട്ടത്തിനെടുത്തത്. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരന് എ.എന്‍. ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിന് ടെണ്ടര്‍ പോലും വിളിക്കാതെയാണ് കെട്ടിടം വിട്ടുനല്‍കിയത്. മാത്രമല്ല, കോര്‍പറേഷന്റെയോ തീരദേശപരിപാലന അതോറിറ്റിയുടെയോ അനുമതി ഇല്ലാതെ അനധികൃത നിര്‍മ്മാണവും നടത്തി. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വമാണ് അനധികൃത ഇടപാടുകള്‍ക്ക് കളമൊരുക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം.
സ്റ്റോപ്പ് മെമ്മോ ഒഴിവാക്കാന്‍ കരാര്‍ കമ്പനി കോര്‍പറേഷനില്‍ വീണ്ടും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തീരദേശപരിപാലന അതോറിറ്റിയുടെ നിലപാട് അറിഞ്ഞ ശേഷമാകും തുടര്‍നടപടി. അതേസമയം, വിവാദം ശക്തമായതോടെ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.