പതിനാറുകാരിയെ 8 പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു; വിഡിയോ പുറത്തുവിട്ടു

1 min read

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ടു പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഘം അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍നിന്ന് 50,000 രൂപയോളം തട്ടിയെടുക്കുകയും ചെയ്തു. അല്‍വാര്‍ ജില്ലയില്‍ കിഷന്‍ഗഡ് ബാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്.

പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈവശമുണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ സഹോദരന്‍ ബുധനാഴ്ച പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയില്‍ പറയുന്നത് ഇങ്ങനെ;

സ്വകാര്യ ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് സഹില്‍ എന്നയാള്‍ 2021 ഡിസംബര്‍ 31ന് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു. അവര്‍ പറയുന്ന സ്ഥലത്ത് ചെല്ലണമെന്നും ഇല്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അവിടെയെത്തിയ പെണ്‍കുട്ടിയെ എട്ടു പേര്‍ ചേര്‍ന്ന് പൂര്‍ണ നഗ്‌നയാക്കി. അതിനുശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍നിന്ന് പലപ്പോഴായി 50,000 രൂപയോളം തട്ടിയെടുത്തു. മാത്രമല്ല, സംഘത്തിലുണ്ടായിരുന്നവര്‍ മാറിമാറി പലപ്പോഴായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

ഇതിനിടെ, പ്രതികള്‍ ആവശ്യപ്പെട്ട പണം പെണ്‍കുട്ടിക്കു നല്‍കാന്‍ സാധിക്കാതെ വന്നതോടെ പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.