അനുരഞ്ജന സാധ്യത നോക്കി സര്‍ക്കാര്‍; ഗവര്‍ണറെ എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും സന്ദര്‍ശിക്കും
1 min readതിരുവനന്തപുരം: ഇടഞ്ഞു നില്ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും സന്ദര്‍ശിക്കും. നിയമസഭ പാസാക്കിയ അയച്ച ബില്ലുകള്‍ ഒപ്പിടാന്‍ കൂട്ടാക്കാതെ യുള്ള ഗവര്‍ണറുടെ നിലപാടുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. സര്‍ക്കാരുമായുള്ള ഭിന്നത ചര്‍ച്ചയായേക്കും. നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ച 11 ബില്ലുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. രണ്ടാഴ്ചത്തെ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനായി ഗവര്‍ണര്‍ വൈകിട്ട് ഡല്‍ഹിക്ക് തിരിക്കും.
സര്‍ക്കാരിന്റെ ഭാഗം വിശദീകരിച്ച് ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനവിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതോടെ ഗവര്‍ണറും നിലപാട് കടുപ്പിക്കുകയായിരുന്നു.
വിവാദമായ ലോകായുക്ത, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള പണം വിനിയോഗിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ലോകയുക്ത വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണറെ അനുനയിപ്പിക്കുകയെന്നത് സര്‍ക്കാരിന് നിര്‍ണായകമാണ്.