സ്പീക്കറുടെ സഹോദരന്‍റെ അനധികൃത നിർമാണം; രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് മേയർ

1 min read

കോഴിക്കോട്: സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരൻ എ എൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം അനധികൃത നിർമാണം നടത്തിയ സംഭവത്തിൽ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി നിലപാട് എടുത്തിട്ടില്ലെന്ന് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. അനധികൃത നിർമാണമെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും ഈ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും മേയർ പറഞ്ഞു. കോഴിക്കോട് സൗത്ത് ബീച്ചിൽ തുറമുഖ വകുപ്പിന്റെ കെട്ടിടം പത്ത് വർഷത്തേക്ക് പാട്ടത്തിനെടുത്തതിന്റെ കരാറിൽ ഒത്തുകളിയെന്ന ആരോപണത്തിന് പിന്നാലെ തുറമുഖ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കാനിരിക്കെയാണ് കോർപ്പറേഷൻ നിലപാട് വ്യക്തമാക്കിയത്.നിർമാണം അനധികൃതമാണെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ സ്റ്റോപ്പ് മെമ്മോ പിൻവലിക്കില്ലെന്നും, രാഷ്ട്രീയക്കാരുടെ ബന്ധു ഒരു വിഷയത്തിലുണ്ടെങ്കിൽ അതിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്ന് പറയാനാകില്ലെന്നും മേയർ പറഞ്ഞു.

കെട്ടിടത്തിൽ രാജ്യാന്തര ബ്രാൻഡുകൾ വരുന്നത് ടൂറിസത്തെ സഹായിക്കുമെന്നും ഭാവിയിൽ ഗുണകരമാകുമെന്നതിനാൽ നിയന്ത്രണങ്ങൾ നീക്കണമെന്നും പോർട്ട് ഓഫീസർ കോർപ്പറേഷന് കത്തയച്ചിരുന്നു. എന്നാൽ ചട്ടവിരുദ്ധമായി പണിയുന്ന കെട്ടിടത്തിൽ ഇത്തരം ന്യായീകരണങ്ങൾക്ക് സാദ്ധ്യതയില്ലെന്നാണ് മേയറുടെ നിലപാട്.ടെൻഡർ പോലുമില്ലാതെയാണ് കെട്ടിടം പാട്ടത്തിനു നൽകിയതെന്ന് വിവരാവകാശ രേഖകളിൽ വ്യക്തമാണ്. കരാർ നൽകി ആര് മാസം കഴിഞ്ഞിട്ടും ഇതുവരെ വാടകയും നൽകിയിട്ടില്ല.

കോർപറേഷന്റെയോ തീരദേശ പരിപാലന അതോറിറ്റിയുടേയോ അനുമതിയില്ലാതെയാണ് കടൽത്തീരത്ത് കെ കെ പ്രദീപ് ആൻഡ് പാർട്ണേഴ്സ് എന്ന സ്ഥാപനം അനധികൃത നിർമാണം നടത്തിയത്. സ്പീക്കറുടെ സഹോദരൻ ഷാഹിർ, ആർ പി അമർ, കെ കെ പ്രദീപ് എന്നിവരാണ് സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർമാർ.പോർട്ട് ഓഫീസർ കെ അശ്വിനി പ്രതാപുമായി ജനുവരിയിൽ ഒപ്പിട്ട കരാർ രേഖകളിൽ ഷാഹിറും കക്ഷിയാണ്. തുറമുഖ വകുപ്പിന്റെ ‘സീമാൻ ഷെഡ്’ കെട്ടിടവും 15 സെന്റ് സ്ഥലവുമാണ് പാട്ടത്തിനു നൽകിയത്. പ്രതിമാസം 45,000 രൂപയാണ് വാടക. എന്നാൽ രണ്ട് ലക്ഷം രൂപ വരെ വാടക ലഭിക്കുന്ന പ്രദേശമാണിത്. പ്രദീപ് നേരത്തേ ഈ കെട്ടിടം പാട്ടത്തിനെടുത്തതാണെന്നും അതുകൊണ്ടാണ് വീണ്ടും നൽകിയതെന്നുമാണ് തുറമുഖ വകുപ്പിന്റെ വിശദീകരണം.

Related posts:

Leave a Reply

Your email address will not be published.