വീട്ടിന് മുകളില്‍ പാക് പതാക ഉയര്‍ത്തിയ 52 കാരനെ അറസ്റ്റ് ചെയ്തു
1 min readറായ്ഗഢ്: ഛത്തീസ്ഗഡിലെ സാരന്‍ഗഡ്ഭിലായ്ഗഡ് ജില്ലയില്‍ വീട്ടില്‍ പാകിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തിയ 52 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സരിയ ടൗണിലെ അടല്‍ ചൗക്കിലെ തന്റെ വീടിനു മുകളില്‍ ഇയാള്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയിട്ടുണ്ടെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ട് പഴക്കച്ചവടക്കാരനായ മുസ്താഖ് ഖാനെതിരെ നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് സംഘം ഇയാളുടെ വീട്ടിന് മുകളില്‍ നിന്നും പതാക നീക്കം ചെയ്യുകയും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പിടിഐയോട് പറഞ്ഞു.
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 153 എ (മതം, വംശം മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, സമൂഹിക ഐക്യം തകര്‍ക്കുന്നതിനുള്ള പ്രവൃത്തികള്‍ ചെയ്യുക) എന്ന വകുപ്പില്‍ ഖാനെതിരേ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സരിയ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇയാളെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചില പ്രാദേശിക ബിജെപി നേതാക്കള്‍ ചൊവ്വാഴ്ച സരിയ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.