തോട്ടണ്ടിയുടെ പേരില്‍ തട്ടിപ്പ്; കരാറുകാരന് പൊലീസ് പിടിയില്‍
1 min readകൊല്ലം: കശുവണ്ടി വ്യവസായികളില്‍നിന്നും തോട്ടണ്ടിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ആള് പൊലീസ് പിടിയിലായി. തോട്ടണ്ടിയുടെ പേരില്‍ 10.25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കൊട്ടാരക്കര കുളക്കട സ്വദേശി പ്രതീഷ്കുമാര്പിള്ള(44)യാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. സമാനരീതിയിലെ നാലു കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
2016-17 കാലയളവിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ആനയടി തങ്കം കാഷ്യൂ ഫാക്ടറി, കൊല്ലം ശ്രീലക്ഷ്മി കാഷ്യൂ, പുനലൂര്‍ കുമാര്‍ കാഷ്യൂ എക്സ്പോര്‍ട്സ്, ഗ്ലോറി കാഷ്യൂസ് എന്നീ കശുവണ്ടിവ്യവസായ സ്ഥാപനങ്ങളില്‍നിന്നാണ് പണം തട്ടിയത്. പരിചയമുള്ള ഇടനിലക്കാരനൊപ്പം വ്യവസായികളെ സമീപിച്ച് നിലവാരമുള്ള തോട്ടണ്ടി ടാന്‍സാനിയയില്‍നിന്ന് ഇറക്കിനല്കാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. മാര്‍ക്കറ്റ് വിലയേക്കാള്‍ 25 ഡോളര്‍വരെ കുറഞ്ഞവിലയ്ക്ക് മികച്ച തോട്ടണ്ടി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
നിരന്തരമായി സമീപിച്ച് കരാറൊപ്പിട്ട ശേഷം തോട്ടണ്ടി നല്‍കാതെയായി. നിരന്തരം സമ്മര്‍ദംചെലുത്തിയപ്പോള്‍ ഔട്ട്-ടേണ്‍ 52 എല്‍.ബി.എസ്. വരുന്ന തോട്ടണ്ടി വാഗ്ദാനംചെയ്ത് 42 എല്‍.ബി.എസിലും താഴെമാത്രം ഗുണനിലവാരമുള്ള തോട്ടണ്ടിയാണ് ഇയാള്‍ നല്‍കിയത്. പണം തട്ടിയശേഷം കേരളത്തിനുപുറത്ത് വിവിധ സംസ്ഥാനങ്ങളിലായി ഒളിവിലായിരുന്നു ഇയാള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.