ലഹരിക്കെതിരെ സംസ്ഥാനത്ത് ദീപം തെളിക്കല്‍,തൃശൂരിലെ ലഹരിക്കേസില്‍ വിദ്യാര്‍ഥികളെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം

1 min read

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എല്ലാവീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയും. വൈകീട്ട് ആറരയ്ക്കാണ് ദീപം തെളിയിക്കുക. ലഹരിക്കെതിരെ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം. മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബര്‍ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് അവസാനിക്കും.

ഇതിനിടെ തൃശ്ശൂരിലെ ലഹരി കടത്തു കേസില്‍ അന്വേഷണം തുടരുകയാണ്. ഇന്നലെ എംഡിഎംഎ കേസില്‍ അറസ്റ്റിലായ പ്രതികളുടെ പറ്റു പുസ്തകത്തില്‍ പേര് ഉണ്ടായിരുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കൗണ്‍സിലിംഗ് നല്‍കിയിരുന്നു. നാല് രക്ഷിതാക്കളെയാണ് ബോധവല്‍ക്കരണം നടത്തിയത്. കൂടുതല്‍ കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പറ്റു പുസ്തകത്തില്‍ പലരുടെയും വിളിപ്പേരുകള്‍ ആണ് ഉള്ളത്. ഇതു വിദ്യാര്‍ഥികളെ കണ്ടെത്താന്‍ തടസം ആകുന്നുണ്ട്. പ്രതികളുടെ ഫോണ്‍ വിവരം പരിശോധിക്കാന്‍ അന്വേഷണ സംഘം അനുമതി ചോദിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതല്‍ ഇടപാടുകാരായ വിദ്യാര്‍ഥികളിലേക്ക് എത്താന്‍ ആകുമെന്നാണ് കരുതുന്നത്. കേസിലെ മുഘ്യ പ്രതിയായ ഒല്ലൂര്‍ സ്വദേശി അരുണിനെയും, മറ്റു രണ്ടു പ്രതികളെയും കസ്റ്റഡിയില്‍ കിട്ടാന്‍ എക്‌സൈസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും.

Related posts:

Leave a Reply

Your email address will not be published.