കോയമ്പത്തൂരില്‍ നടന്നത് ചാവേര്‍ ആക്രമണമെന്ന് സൂചന; കനത്ത സുരക്ഷാ വലയത്തില്‍ നഗരം

1 min read

കോയമ്പത്തൂര്‍: കാര്‍ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണമാണെന്ന് സൂചന. 23ന് പുലര്‍ച്ചെയാണ് ടൗണ്‍ ഹാളിന് സമീപം സ്‌ഫോടനം നടന്നത്. ന?ഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപമായിരുന്നു സ്‌ഫോടനം. കാറില്‍ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചത് ഉക്കടം സ്വദേശിയും എന്‍ജിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിന്‍ (25) എന്ന് തിരിച്ചറിഞ്ഞു. ഇയാളെ 2019 ല്‍ ഐഎസ് ബന്ധം സംശയിച്ച് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. വീട്ടില്‍ നടന്ന പരിശോധനയില്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേര്‍ ആക്രമണമെന്ന സംശയത്തിന് പ്രധാന കാരണം.

സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തുന്നുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെയടക്കം പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. കോട്ടായി സംഗമേശ്വരര്‍ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീല്‍ ചെയ്തു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയാനും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

2019ല്‍ എന്‍ഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണു മരിച്ചതെന്നും ഇയാളുടെ വീട്ടില്‍ അന്ന് എന്‍ഐഎ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മാരുതി കാര്‍ രണ്ടായി തകര്‍ന്നു. തകര്‍ന്ന കാറില്‍നിന്ന് പൊട്ടാത്ത മറ്റൊരു എല്‍പിജി സിലിണ്ടര്‍, സ്റ്റീല്‍ ബോളുകള്‍, ഗ്ലാസ് കല്ലുകള്‍, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് കണ്ടെടുത്തു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെല്‍ട്ടര്‍ ഭാഗികമായി തകര്‍ന്നു. കോയമ്പത്തൂര്‍ ജില്ലയിലുടനീളം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 23ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.

അന്വേഷണം നടക്കുകയാണെന്ന് ഡിജിപി പറഞ്ഞു. പൊട്ടാത്തതുള്‍പ്പെടെ രണ്ട് എല്‍പിജി സിലിണ്ടറുകളും മറ്റ് കുറച്ച് സാമഗ്രികളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡും സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. സിലിണ്ടറുകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് സമീപം മില്‍ക്ക് ബൂത്ത് നടത്തുന്ന പ്രദേശവാസിയായ സെന്തില്‍ കണ്ണന്‍ പുലര്‍ച്ചെ നാല് മണിയോടെ കട തുറക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് കാര്‍ പൊട്ടിത്തെറിക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെയായതിനാല്‍ അധികം ആളുകള്‍ എത്തിയിരുന്നില്ല.

സംഭവസ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതും തടഞ്ഞു. കേസ് അന്വേഷിക്കാന്‍ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വി ബാലകൃഷ്ണന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.