പിതാവിനും മകള്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദ്ദനം; നാല് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

1 min read

തിരുവനന്തപുരം: പിതാവിനെയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ നാല് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ഗതാഗതമന്ത്രി ആന്‍റണി രാജു റിപ്പോര്‍ട്ട് തേടിയിരുന്നു. കെഎസ്ആര്‍ടിസി എംഡിയോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

മകളുടെ യാത്രാസൗജന്യത്തെ ചൊല്ലിയുള്ള തർക്കമാണ് കാട്ടാക്കടയില്‍ മർദനത്തിൽ കലാശിച്ചത്. അമച്ചൽ സ്വദേശി പ്രേമനും മകൾക്കുമാണ് മർദനമേറ്റത്. പരിക്കേറ്റ ഇവരെ കാട്ടാക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാര്‍ഥിനിയായ മകളുടെ കണ്‍സഷൻ ടിക്കറ്റ് പുതുക്കാനായിട്ടാണ് കെഎസ്ആര്‍ടിസിയുടെ കാട്ടാക്കട ഡിപ്പോയിൽ മകളുമൊത്ത് പ്രേമൻ എത്തിയത്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ കണ്‍സഷൻ ടിക്കറ്റ് പുതുക്കി നൽകൂ എന്ന് ജീവനക്കാര്‍ ഓഫീസിൽ നിന്നും പ്രേമനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തർക്കമാണ് മർദനത്തിൽ കലാശിച്ചത്. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാക്കുകയും കാര്യങ്ങൾ കൈയേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.

പ്രേമനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അടുത്ത മുറിയിലാക്കി മകളുടെ മുന്നിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മൂന്നുപേർ ചേർന്നാണ് പ്രേമനെ മർദിച്ചത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൾക്കും പരിക്കേറ്റത്.

Related posts:

Leave a Reply

Your email address will not be published.