വി.സി നിയമനം റദ്ദാക്കിയ വിധിക്കെതിരെ കേരളം പുനഃപരിശോധന ഹര്‍ജി നല്‍കും
1 min readന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. സീനിയര്‍ അഭിഭാഷകരുടെ നിയമ ഉപദേശം ലഭിച്ച ശേഷം ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. സുപ്രീം കോടതി വിധി മറ്റ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തെ പോലും ബാധിക്കാന്‍ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നത്.
സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച വിധിക്ക് ദൂരവ്യാപക പ്രത്യഘാതം ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകരുടെ വിലയിരുത്തല്‍. വൈസ് ചാന്‍സലര്‍ നിയമനം ഉള്‍പ്പടെ സര്‍വകലാശാല ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭാ പാസാക്കുന്ന നിയമങ്ങള്‍ അപ്രസക്തമാകുമെന്നാണ് സര്‍ക്കാരിന്റെ ആശങ്ക. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്കും, സുപ്രീം കോടതിയുടെ തന്നെ മുന്‍ വിധികള്‍ക്കും എതിരാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധി ഉദ്ധരിച്ച് മറ്റ് വൈസ് ചാന്‍സലര്‍മാരുടെ നിയമനം ചോദ്യം ചെയ്ത് കൂടുതല്‍ ഹര്‍ജികള്‍ വരും ദിവസങ്ങളില്‍ ഹൈകോടതിയില്‍ എത്താന്‍ സാധ്യത ഉണ്ട്. അതിനാല്‍ എത്രയും വേഗം പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്യണം എന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമ ഉപദേശം.
വിധിയിലെ രണ്ട് ഭാഗങ്ങള്‍ പുനഃപരിശോധന ചെയ്യണമെന്ന് കേരളം ആവശ്യപ്പെടും
രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലെ രണ്ട് നിഗമനങ്ങളോട് സര്‍ക്കാര്‍ പൂര്‍ണ്ണമായും വിയോജിക്കുന്നു. സംസ്ഥാന നിയമം നിലനില്‍ക്കുമ്പോഴും, യുജിസി ചട്ടങ്ങളാണ് നടപ്പാക്കേണ്ടത് എന്നാണ് വിധിയില്‍ ജസ്റ്റിസ്മാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. എന്നാല്‍ 2010ലെ യുജിസി ചട്ടങ്ങള്‍ക്ക് നിര്‍ദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും, അത് നിര്‍ബന്ധമായും നടപ്പാക്കാന്‍ സര്‍ക്കാരിനോ സര്‍വകലാശാലയ്‌ക്കോ ബാധ്യത ഇല്ലെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. യുജിസി ചട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെങ്കില്‍ സംസ്ഥാന നിയമം ആണ് നടപ്പാക്കേണ്ടത് എന്ന് 2015 ല്‍ ജസ്റ്റിസ്മാരായ എസ് ജെ മുഖോപാധ്യായ, എന്‍ വി രമണ എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചിട്ടുണ്ട്. ഇക്കാര്യം പുനഃപരിശോധന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കും.
വിസി നിയമനം റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരണം സംബന്ധിച്ച നിലപാടും പുനഃപരിശോധിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഭേദഗതി ചെയ്ത 2013 ലെ യുജിസി ചട്ടങ്ങളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരികാന്‍ സംസ്ഥാനം നിയമം കൊണ്ട് വരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 ല്‍ നിയമസഭാ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് എന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 2013ലെ ഭേദഗതി ചെയ്ത ചട്ടങ്ങള്‍ യുജിസി കൃത്യമായി വിലയിരുത്തിയില്ല എന്നാണ് കേരളത്തിന്റെ ആക്ഷേപം. നിയമനം റദ്ദാക്കിയതിന് എതിരെ രാജശ്രീ എം എസ്സും സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും
പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നതും ജസ്റ്റിസ് ഷാ അധ്യക്ഷനായ ബെഞ്ച്
വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കി കൊണ്ടുള്ള വിധിക്ക് എതിരെ നല്‍കുന്ന പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് ജസ്റ്റിസ് എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ്. ഈ ബെഞ്ചാണ് കഴിഞ്ഞ ദിവസം നിയമനം റദ്ദാക്കി കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. പുനഃപരിശോധന ഹര്‍ജികള്‍ വിരളമായ അവസരങ്ങളില്‍ മാത്രമേ സംസ്ഥാന കോടതി അംഗീകരിക്കാറുള്ളു.
പുനഃപരിശോധന ഹര്‍ജി തള്ളിയാല്‍ തിരുത്തല്‍ ഹര്‍ജി നല്‍കുകാനുള്ള അവസരം സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകും. തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്ന ബെഞ്ച് ആകും. അക്കാലത്ത് ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന ഡി. വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷന്‍ കൗള്‍, അബ്ദുള്‍ നസീര്‍, എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാകും തിരുത്തല്‍ ഹര്‍ജി കേള്‍ക്കുക. പുനഃപരിശോധന ഹര്‍ജിയും, തിരുത്തല്‍ ഹര്‍ജിയും ചേമ്പറില്‍ ആണ് ആദ്യം പരിഗണിക്കുക. ബെഞ്ചിന് ബോധ്യമായാല്‍ മാത്രമേ അവ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുകയുള്ളു.