22 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മണിച്ചന്‍ മോചിതനായി

1 min read

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍ മോചിതനായി. ജയില്‍ നടപടികള്‍ പൂര്‍ത്തിയായ മണിച്ചന്‍ തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ റദ്ദാക്കി സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും മണിച്ചന് ഇന്നലെയും ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് ആഭ്യന്തര വകുപ്പില്‍ എത്താത്തതാണ് മോചനം വൈകാന്‍ കാരണം. സന്തോഷമുണ്ടെന്നും പ്രത്യേകിച്ചൊന്നും പറയാനില്ലെന്നുമായിരുന്നു മണിച്ചന്റെ ആദ്യ പ്രതികരണം.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മണിച്ചന്‍ ജയില്‍ മോചിതനാകുന്നത്. 2000 ഒക്ടോബര്‍ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കൊല്ലം കല്ലുവാതുക്കലില്‍ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തില്‍ നിന്ന് മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. പലരും കുഴഞ്ഞു വീണു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ 31 പേര്‍ മരിച്ചുവെന്ന ദാരുണ വിവരം പുറത്ത് വന്നു. ചിലര്‍ക്ക് കാഴ്ച നഷ്ടമായി. വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ സര്‍ക്കാരിനെ പിടിച്ചുലച്ച വന്‍ വിവാദമായി കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം മാറി.

കേസില്‍ മണിച്ചന്‍ ഉള്‍പ്പെടെ 26 പേര്‍ക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു. മാസപ്പടി ഡയറിയിലെ ഉന്നതരേയും വിജിലന്‍സ് കോടതി വെറുതെ വിട്ടു. അന്നുമിന്നും ഇടത് സര്‍ക്കാരിനേറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു കല്ലുവാതുക്കല്‍ ദുരന്തം. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 40 സീറ്റിലേക്ക് ഇടത് മുന്നണി ഒതുങ്ങാനിടയായതിന്റെ പ്രധാന കാരണവും മദ്യ ദുരന്തമായിരുന്നു. നായനായര്‍ സര്‍ക്കാരിനെ പ്രതികൂട്ടിലും പ്രതിരോധത്തിലുമാക്കിയ മദ്യ ദുരന്തത്തിലെ മുഖ്യ പ്രതി പിണറായി സര്‍ക്കാരിന്റെ കാലത്ത് പുറത്തിറങ്ങുന്നുകയാണ്. ശിക്ഷയില്‍ ഇളവ് ലഭിച്ചെങ്കിലും പിഴത്തുക കെട്ടാന്‍ കഴിയാത്തെ തിനെ തുടര്‍ന്ന് മണ്ച്ചന്റെ ജയില്‍ മോചനം നീണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് മണിച്ചന്റെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ച് ശിക്ഷ റദ്ദാക്കിച്ചത്.

Related posts:

Leave a Reply

Your email address will not be published.