കടുവ വകവരുത്തിയത് ഏഴ് കന്നുകാലികളെ, രണ്ടെണ്ണം ചികിത്സയില്‍

1 min read

സുല്‍ത്താന്‍ബത്തേരി: ഏത് നിമിഷവും കടവയുടെ ആക്രമണം പ്രതീക്ഷിച്ചാണ് വയനാട് ജില്ലയിലെ ചീരാല്‍ പ്രദേശത്തെ ജനങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പ് തുടരെ തുടരെയാണ് പ്രദേശത്ത് കടവുയുടെ ആക്രമണം ഉണ്ടായത്. പകല്‍ പോലുമെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന പ്രകൃതം. രണ്ടാഴ്ചക്കുള്ളില്‍ കടുവ ആക്രമിച്ചത് ഒമ്പത് കന്നുകാലികളെയാണ്. ഇവയില്‍ ഏഴെണ്ണത്തിന്റെ ജീവന്‍ പോയി. രണ്ട് എണ്ണം പൂക്കോട് വെറ്റിറനറി ആശുപത്രിയില്‍ ചികിത്സയിലാണ്. ചീരാലുകാരുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് കടുവ. ജനങ്ങളുടെ പ്രതിഷേധം കനത്തപ്പോള്‍ വനംവകുപ്പ് ഇപ്പോള്‍ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് തിരയുന്നുണ്ടെങ്കിലും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നതാണ് അവസ്ഥ.

കടുവയെ കാണുന്ന മാത്രയില്‍ മയക്കുവെടി വെക്കാനാണ് നൂറ്റിയമ്പതിലധികം വരുന്ന വനപാലക സംഘം നാടിളക്കി തിരയുന്നതെങ്കിലും മാനന്തവാടി കുറുക്കന്‍മൂലയിലെ കടുവയെ പോലെ ചീരാലിലെ കടുവയും സ്ഥലം കാലിയാക്കിയ മട്ടാണ്. ദൗത്യമാരംഭിച്ച് ഇതുവരെ നടത്തിയതില്‍ വെച്ച് ഏറ്റവും തന്ത്രപരമായ തിരച്ചിലാണ് ഇന്നലെ നടത്തിയതെങ്കിലും ഇപ്പോഴും കടുവ കാണാമറയത്താണ്. ചീരാല്‍, മുണ്ടക്കൊല്ലി, വല്ലത്തൂര്‍, കരുവള്ളി, കുടുക്കി, പഴൂര്‍, കണ്ടര്‍മല തുടങ്ങിയ ജനവാസകേന്ദ്രങ്ങളിലായിരുന്നു പ്രധാനമായും തിരച്ചില്‍ നടത്തിയത്. കൃഷിയിടങ്ങളിലും കാടുപിടിച്ച് കിടക്കുന്ന തോട്ടങ്ങളിലുമെല്ലാം ദൗത്യസംഘം തിരച്ചില്‍ നടത്തി. പത്തുസംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍.

കഴിഞ്ഞ സെപ്റ്റംബര്‍ 25നാണ് പ്രദേശത്ത് ആദ്യമായി ഇപ്പോഴുള്ള കടുവയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ പോയ വര്‍ഷങ്ങളിലും കടുവ പ്രദേശത്ത് എത്തി കന്നുകാലികളെ ആക്രമിച്ച സംഭവങ്ങളുണ്ടായിരുന്നെങ്കിലും അത് ഈ കടുവ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നില്ല. പ്രതിഷേധം കനത്തതോടെ കടുവയെ കൂടുവെച്ച് പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ഒഴിവാക്കി മയക്കുവെടിവെക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതിനായി മയക്കുവെടി വിദഗ്ധരടങ്ങിയ മൂന്നുസംഘങ്ങള്‍ കഴിഞ്ഞ ആറുദിവസമായി പ്രദേശത്ത് തന്നെയുണ്ട്.

തിരച്ചില്‍ നടക്കുമ്പോഴും വിവിധയിടങ്ങളിലായി മൂന്നുകൂടുകളും സ്ഥാപിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളിലൊന്നും വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടിയിട്ടില്ലെങ്കിലും വന്യമൃഗത്തെ വരുതിയിലാക്കാന്‍ കഴിയാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. തൊഴുത്തിലേക്ക് പശുവിനെ കറക്കാനും, ക്ഷീരസംഘങ്ങളില്‍ പാലളക്കാന്‍ പോകാനും ക്ഷീരകര്‍ഷകര്‍ക്ക് ഭയമാണ്. അതിരാവിലെ നടക്കാനിറങ്ങുന്നവരും, ട്യൂഷനും മദ്രസയിലും പോകുന്ന കുട്ടികളും ഭയത്തോടെയാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. കുട്ടികളെ കളിക്കാന്‍വിടാന്‍ പോലും രക്ഷിതാക്കള്‍ പേടിക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. വനത്തോട് ചാരി സ്ഥിതി ചെയ്യുന്ന പല പ്രദേശങ്ങളിലും വെളിച്ചം വീണാല്‍ മാത്രമാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വളര്‍ത്തുമൃഗങ്ങള്‍ ആക്രമത്തിനിരയായതായും ഇപ്പോഴും ഭീതിയിലാണെന്നും പൊതുപ്രവര്‍ത്തകനായ ഗോപാലന്‍മാസ്റ്റര്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.