സിപിഎം നിർദേശപ്രകാരമാണ് ജിതിനെ പ്രതിയാക്കിയത്; പ്രതിഷേധവുമായി കുടുംബം

1 min read

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിനെ പ്രതിയാക്കിയതിനെതിരെ വീട്ടുകാര്‍ രംഗത്ത്. സിപിഎം നിർദേശപ്രകാരമാണ് എകെജി സെന്റർ ആക്രമണത്തിൽ ജിതിനെ പ്രതിയാക്കിയത‌ാണെന്ന് അമ്മ ജിജി ആരോപിച്ചു. ജിതിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ല. കുറച്ചുദിവസങ്ങളായി പൊലീസ് വീട്ടിൽ കയറിയിറങ്ങുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ജിതിന്റെ വസ്ത്രം അന്വേഷിച്ച് പൊലീസ് വീട്ടില്‍ വന്നെന്ന് ജിതിന്റെ ഭാര്യ പറഞ്ഞു. ജിതിന്റെ ചെരിപ്പും അന്വേഷിച്ചു. നിര്‍ബന്ധപൂര്‍വമായിരുന്നു പരിശോധനയെന്നും ഭാര്യ അറിയിച്ചു.

ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആണ് ജിതിൻ. ഇന്ന് രാവിലെ ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ജൂൺ 30ന് രാത്രി 11.25ന് എകെജി സെന്ററിന്റെ മതിലിനു നേരെ പടക്കം എറിഞ്ഞശേഷം ചുവപ്പു നിറത്തിലുള്ള ഡിയോ സ്കൂട്ടറിൽ ജിതിൻ ഗൗരീശപട്ടത്തുണ്ടായിരുന്ന സ്വന്തം കാറിനടുത്തേക്ക് എത്തിയതായി ക്രൈംബ്രാഞ്ച് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതു മനസിലായത്.

ജിതിൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒരു പ്രത്യേക ബ്രാൻഡിന്റേതാണെന്നു പരിശോധനയിൽ മനസിലായതായി ക്രൈംബ്രാഞ്ച് പറയുന്നു. വസ്ത്രങ്ങൾ വിറ്റ ഷോപ്പിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. 12 ടീ ഷർട്ടുകളിൽ ഒന്ന് വാങ്ങിയത് ജിതിനാണെന്നു വ്യക്തമായി. തുടർന്ന് ഇന്നു രാവിലെ 9 മണിയോടെ മൺവിളയിലെ വീട്ടിൽനിന്ന് ജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.