ലോറിയിൽനിന്ന് ഇരുമ്പുഷീറ്റ് തെറിച്ചുവീണു; വഴിയാത്രക്കാരായ 2 പേര്‍ക്ക് ദാരുണ മരണം
1 min readതൃശൂർ: ലോറിയിൽനിന്ന് ഇരുമ്പുഷീറ്റ് റോഡിലേക്ക് തെറിച്ചുവീണ് വഴിയാത്രക്കാരായ രണ്ടുപേർ മരിച്ചു. പുന്നയൂർക്കുളം അകലാട് മഠത്തിപ്പറമ്പിൽ മുഹമ്മദാലി ഹാജി (70) കിഴക്കേ തലക്കൽ ഷാജി (40) എന്നിവരാണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നാണ് ഷീറ്റുകള്‍ റോഡിലേക്ക് തെറിച്ചത്. മുഹമ്മദാലിഹാജിയെ മുതുവട്ടൂർ രാജ ആശുപത്രിയിലും ഷാജിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
പ്രഭാത നമസ്കാരം കഴിഞ്ഞ് ബന്ധുവീട്ടിലേക്ക് പോകാൻ റോഡിന് കിഴക്കുഭാഗത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന മുഹമ്മദാലി ഇതേ ദിശയിലേക്ക് പോവുകയായിരുന്ന ഷാജിയുടെ സ്കൂട്ടറിൽ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരുവരും തൽക്ഷണം മരിച്ചു. നാട്ടുകാരാണ് ഷീറ്റുകൾക്കിടയിൽ നിന്നു ഇരുവരെയും പുറത്തെടുത്തത്.
കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോയ ഗാൽവനൈസഡ് അലുമിനിയം ഷീറ്റുകളുടെ കെട്ട് പൊട്ടിയാണ് അപകടം. കാർഗോ ബോക്സ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭാരം കൂടിയ ഷീറ്റാണ് ഇത്. മതിയായ സുരക്ഷയില്ലാതെയാണു ഷീറ്റുകൾ കൊണ്ടുവന്നതെന്നാണു നിഗമനം. അപകടമുണ്ടായ ഉടൻ ലോറി ഡ്രൈവർ കടന്നുകളഞ്ഞു.