കെഎസ്ആര്‍ടിസി ബസ്സിന്റെ തുറന്നുകിടന്ന വാതില്‍വഴി റോഡിലേക്ക് വീണു; വീട്ടമ്മക്ക് ഗുരുതര പരിക്ക്

1 min read

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് കെഎസ്ആര്‍ടിസി ബസിന്റെ തുറന്നു കിടന്ന വാതില്‍ വഴി പുറത്തേക്ക് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഇടക്കുഴിയില്‍ രാധാമണിക്ക് (59) ആണ് പരിക്കേറ്റത്. രാവിലെ ഭര്‍ത്താവിനൊപ്പം എറണാകുളത്തേക്ക് പോകാനായി ബസില്‍ കയറിയതായിരുന്നു രാധാമണി. മുന്‍വാതില്‍ വഴി കയറി പിന്‍വാതിലിനടുത്തുള്ള സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കവേ ബസ് വളവ് തിരിച്ചപ്പോള്‍ പിടിവിട്ട് റോഡിലേക്ക് വിഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാധാമണിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. കഴിഞ്ഞ ദിവസവും സമാനമായ സംഭവം നടന്നിരുന്നു. ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വയോധികന്റെ ജീവനാണ് നഷ്ടപ്പെട്ടത്. തൃശ്ശൂര്‍ കുന്ദംകുളം പാറേമ്പാടത്ത് വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ കുഞ്ഞുമോനാണ് മരിച്ചത്. 70 വയസായിരുന്നു. അക്കിക്കാവ് സ്വദേശിയായിരുന്നു. തൃശൂര്‍ കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ നിന്നാണ് കുഞ്ഞുമോന്‍ തെറിച്ച് വീണത്.

ബസിന്റെ വാതില്‍ അടയ്ക്കാതിരുന്നതിനാല്‍ കുഞ്ഞുമോന്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് വീണു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതേസമയം, നടുറോഡില്‍ മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്റെ പരാക്രമം യാത്രക്കാരെ ആശങ്കയിലാക്കി. ആലപ്പുഴ അരൂര്‍ ദേശീയപാതയിലായിരുന്നു യുവാവിന്റെ പരാക്രമം. മീഡിയന്‍ ക്രോസ് ചെയ്ത് മറുഭാഗത്ത് കൂടെ ഓടിച്ച യുവാവിന്റെ വാഹനം നിരവധി വാഹനങ്ങളില്‍ തട്ടി അപകടം ഉണ്ടാക്കി. വലത് ഭാഗത്ത് ഒരു ടയറില്ലാത്ത കാറുമായിട്ടായിരുന്നു യുവാവിന്റെ പരാക്രമം.

യുവാവിനെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. തൃപ്പൂണിത്തുറ സ്വദേശി മഹേഷാണ് പിടിയിലായത്. ഇതിനിടെ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന് പിന്നില്‍ ബൈക്കിടിച്ച് അരൂരില്‍ മൂന്ന് യുവാക്കള്‍ ഇന്നലെ മരണപ്പെട്ടു. സുഹൃത്തിന്റെ വീട്ടില്‍ പാലുകാച്ചില്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന് പിന്നില്‍ ഇടിച്ചത്. അരൂര്‍ സ്വദേശികളായ അഭിജിത്ത്, ആല്‍വിന്‍,വിജോയ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്

Related posts:

Leave a Reply

Your email address will not be published.