പിണറായിയുടെ മറ്റൊരു മുഖമാണ് ഗവര്‍ണറുടേത്; കെ സുധാകരന്‍

1 min read

തിരുവനന്തപുരം: ഗവര്‍ണറുടെ മാധ്യമവിലക്കില്‍ വ്യാപക പ്രതിഷേധം. ഗവര്‍ണറുടെ മാധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. വാര്‍ത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോള്‍ അവരെ വിരട്ടി പുറത്താക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഇത് പുച്ഛത്തോടെ തളളികളയണമെന്ന് കെ സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളെ പുറത്താക്കിയ നടപടി പിണറായിയുടെ മറ്റൊരു മുഖമാണ് ഗവര്‍ണറുടേത് എന്ന് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ മാധ്യമങ്ങളെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. വാര്‍ത്തകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ നിയമാനുസൃതമായി നടപടി സ്വീകരിക്കാം. എന്നാല്‍, ഒരുതരത്തിലും നീതികരിക്കാന്‍ കഴിയാത്ത നടപടിയാണ് ഗവര്‍ണറുടേതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിടുന്നത് ജനാധിപത്യവിരുദ്ധം ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധിച്ചു. കെയുഡബ്ല്യുജെ കൊച്ചിയില്‍ മാധ്യമ ബഹിഷ്‌ക്കരണത്തിന് എതിരെ പ്രകടനം നടത്തി.

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും വീണ്ടും മീഡിയാ വണ്‍, കൈരളി എന്നീ ചാനലുകളെ പുറത്താക്കി നടപടിയിലാണ് പ്രതിഷേധം കനക്കുന്നത്. രാജ് ഭവന്റെ അറിയിപ്പ് പ്രകാരം എത്തിയ മാധ്യമങ്ങളെയാണ് കൊച്ചിയില്‍ ‘കേഡര്‍ മാധ്യമങ്ങള്‍’ എന്ന പദം ആവര്‍ത്തിച്ച് ഗവര്‍ണര്‍ പുറത്ത് നിര്‍ത്തിയത്.ഇത് അസഹിഷ്ണുതയല്ലെ എന്ന ചോദ്യത്തിന് എങ്ങനെ വിലയിരുത്തിയാലും തനിക്ക് പ്രശ്‌നമില്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്തെക്ക് പോകും മുമ്പ് മാധ്യമങ്ങളെ കാണുമെന്നും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രാജ്ഭവനെ മെയില്‍ വഴി ബന്ധപ്പെടണമെന്നുമായിരുന്നു നിര്‍ദ്ദേശം. ഇത് പ്രകാരം മെയില്‍ അയച്ച് രാജ്ഭവനില്‍ നിന്നും മറുപടി അറിയിപ്പ് ലഭിച്ച പ്രകാരമാണ് മാധ്യമങ്ങളെത്തിയത്. രാജ്ഭവന്‍ അറിയിച്ച പ്രകാരം എട്ടരക്ക് മാധ്യമപ്രവര്‍ത്തകര്‍ എത്തി. 8.45ന് രാജ് ഭവന്‍ തയ്യാറാക്കിയ ലിസ്റ്റ് വായിച്ച് മാധ്യമപ്രവര്‍ത്തകരുടെ ദേഹ പരിശോധന അടക്കം നടത്തിയാണ് ഗസ്റ്റ് ഹൗസില്‍ പ്രവേശിപ്പിച്ചത്.മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ ഉടന്‍ ഗവര്‍ണര്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചു. മീഡിയാ വണില്‍ നിന്നും എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയെ അടക്കം ഇറക്കിവിട്ടു.

തന്റെ വാര്‍ത്താ സമ്മേളനത്തില്‍ കൈരളിയും മീഡിയാവണ്ണും വേണ്ടെന്ന തീരുമാനം ഉണ്ടെന്നിരിക്കെ രാജ്ഭവന്‍ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതിനിടെ രാജ്ഭവന്‍ തന്നെ തയ്യാറാക്കിയ മാധ്യമങ്ങളുടെ പട്ടികയും പുറത്തുവന്നു. ഇതില്‍ പതിനൊന്നാമതായി കൈരളിയെയും പതിനാലാമതായി മീഡിയാവണ്ണിനെയും ഉള്‍പ്പെടുത്തിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.