കടുവയെ കുടുക്കിയപ്പോള്‍ പുലിയുടെ ആക്രമണം; ഭയം മാറാതെ ഏസ്റ്റേറ്റ് മേഖല

1 min read

മൂന്നാര്‍: ആക്രമണക്കാരിയായ കടുവയെ കൂടുവെച്ച് പിടിച്ചതോടെ എസ്‌റ്റേറ്റ് മേഖല വളരെ സന്തോഷത്തിലായിരുന്നു. രണ്ട് ദിവസത്തിനിടെ ഒമ്പത് പശുക്കളെ കൊന്ന കടുവയെ വനപാലകര്‍ സാഹസികമായി പിടികൂടിയത് തൊഴിലാളികള്‍ ആഘോഷിക്കുകയും ചെയ്തു. കന്നുകാലികള്‍ അടക്കമുള്ള വളര്‍ത്ത് മ്യഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇനിയുണ്ടാവില്ലെന്ന് അവര്‍ കരുതി. എന്നാല്‍, ഇവരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി തൊട്ടടുത്ത ദിവസം തന്നെ സമീപത്തെ എസ്റ്റേറ്റില്‍ പുലിയിറങ്ങി. മേയാന്‍ വിട്ട പശുവിനെ ഇത് കൊലപ്പെടുത്തി.

പിന്നാലെ സമീപ പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം തൊഴിലാളികള്‍ കണ്ടെത്തി. എന്നാല്‍ വീണ്ടും പുലി ഇറങ്ങിയെന്ന് അംഗീകരിക്കുവാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതിനിടെ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളിലായി ഗര്‍ഭിണികളായ രണ്ട് പശുക്കള്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സെവന്‍മല എസ്റ്റേറ്റ് പാര്‍വ്വതി ഡിവിഷനില്‍ സൂസൈ മുരുക രാജിന്റെ പശുവിനെയും മൂന്നാര്‍ ഗൂര്‍ഡാര്‍വിള എസ്റ്റേറ്റില്‍ ആര്‍മുഖത്തിന്റെ പശുവിനെയുമാണ് പുലി കൊലപ്പെടുത്തിയത്.

മേയാന്‍ വിട്ട പശു ഏറെ വൈകിയും എത്താത്തതിനെ തുടര്‍ന്ന് സമീപത്തെ കാടുകളില്‍ നടത്തിയ തിരച്ചിലിലാണ് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മൂന്നാര്‍ ജനറല്‍ ആശുപത്രി കോട്ടേഴ്‌സില്‍ പുലിയുടെ സാനിധ്യം കണ്ടെത്തിയതായി ജീവനക്കാര്‍ പറയുന്നു. രാത്രിയില്‍ പട്ടികളുടെ കുരകേട്ട് ഉണര്‍ന്ന ജോലിക്കാരനായ റൂബി സാജു കോട്ടേഴ്‌സിന്റെ ജനല്‍പാളികള്‍ തുറക്കവെയാണ് പുലിയെ കണ്ടത്. സംഭവം ഉടനെ വനപാലരെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

Related posts:

Leave a Reply

Your email address will not be published.