ഹര്‍ത്താല്‍ കേസുകളില്‍ പിഎഫ്‌ഐ ജനറൽ സെക്രട്ടറിയെ പ്രതി ചേര്‍ക്കണം; 5.2 കോടി രൂപ പോപ്പുലര്‍ ഫ്രണ്ട് കെട്ടിവയ്ക്കണം

1 min read

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വന്ന നഷ്ടമായ 5.2 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ സംഘടന കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായാണ് ഈ തുക പോപ്പുലര്‍ ഫ്രണ്ട് കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഹര്‍്ത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുല്‍ സത്താറിനെ പ്രതി ചേര്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹര്‍ത്താലിലും ബന്ദിലും ജനങ്ങള്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നു ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കുളള ജാമ്യത്തിന് കടുത്ത ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ തുക കെട്ടി വച്ചില്ലെങ്കിൽ സംഘടനയുടെ സ്വത്തുക്കൾക്കും സെക്രട്ടറി ഉൾപ്പെടെ ഭാരവാഹികളുടെ സ്വത്തുക്കൾക്കും എതിരെ ആഭ്യന്തര വകുപ്പ് റവന്യൂ റിക്കവറി നടപടിയെടുക്കണം. ഈ തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുകയും അക്രമത്തിൽ നാശമനഷ്ടമുണ്ടായവരുടെ ക്ലെയിം തീർപ്പാക്കാൻ ഉപയോഗിക്കുകയും ചെയ്യണം.

ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യത്തിനു സമീപിക്കുന്നവർക്കു നാശനഷ്ടണ്ടാക്കിയ തുക കെട്ടി വച്ച ശേഷമേ ജാമ്യം നല്‍കാവൂ എന്നു കോടതി വ്യക്തമാക്കി. ഹർത്താൽ കേസുകൾക്കൊപ്പം നഷ്ടപരിഹാരം ആവശ്യപ്പെട്ടു കെഎസ്ആര്‍ടിസി നൽകിയ ഹർജിയും പരിഗണിച്ചാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി. പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്

ഹര്‍ത്താലിന്റെ പേരില്‍ സമരക്കാര്‍ 5 കോടി ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കണം എന്നായിരുന്നു ആവശ്യം. കെഎസ്ആര്‍ടിസിയുടെ നഷ്ടവും വരുമാന നഷ്ടവും അക്രമികളില്‍ നിന്ന് ഈടാക്കണമെന്നും വിശദമായ റിപ്പോര്‍ട്ടു നല്‍കണമെന്നും ഹൈക്കോടതി നേരത്തെ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. 58 ബസുകള്‍ തകര്‍ത്തെന്നും പത്തു ജീവനക്കാര്‍ക്കു പരുക്കേറ്റെന്നുമാണ് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.