ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കും
1 min readകൊച്ചി: പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണ്ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ആണ് വിഷയം ഹൈക്കോടതിയുടെ പരിഗണയ്ക്ക് വരുന്നത്. മുന്‍ കേരള സര്‍വകലാശാല വി സി മഹാദേവന്‍ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. എന്നാല്‍ ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കുകയല്ലേ വേണ്ടത് എന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ഹര്‍ജിക്കാരോട് ചോദിച്ചത്. യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് 24 മണിക്കൂറിനുള്ളില്‍ ഗവര്‍ണര്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത് ചോദ്യം ചെയ്ത് വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നിയമപ്രകാരം നോട്ടീസ് നല്‍കി വിസിമാരുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാണ് സിംഗിള്‍ ബെഞ്ച് പ്രത്യേക സിറ്റിങ്ങില്‍ നല്‍കിയ ഉത്തരവ്.
പുറത്താക്കാതിരിക്കാന്‍ ഗവര്‍ണ്ണര്‍ നല്‍കിയ നോട്ടീസിന് വിസി മാര്‍ വിശദീകരണം നല്‍കേണ്ട സമയ പരിധി ഇന്നു അവസാനിക്കും. എട്ട് വിസിമാരില്‍ മുന്‍ കേരള വിസി വിപി മഹാദേവന്‍ പിള്ള മാത്രമാണ് ഗവര്‍ണ്ണര്‍ക്ക് മറുപടി നല്‍കിയത്.വിസി നിയമനം ചട്ട പ്രകാരം ആയിരുന്നു എന്നാണ് മറുപടി. ഇക്കഴിഞ്ഞ 24 ന് മഹാ ദേവന്‍ പിള്ള വിരമിച്ചിരുന്നു.
മറ്റ് വി സി മാര്‍ ഇന്നു മറുപടി നല്‍കുമോ എന്നാണ് അറിയേണ്ടത്. കിട്ടിയ മറുപടികള്‍ പരിശോധിച്ച് ഏഴിന് ശേഷം ആകും ഗവര്‍ണ്ണാറുടെ തുടര്‍ നടപടി ഉണ്ടാകുക. നേരിട്ട് ഹാജരാകണമെങ്കില്‍ ഏഴിനുള്ളില്‍ അറിയിക്കണം എന്ന് രാജ്ഭവന്‍ വി സി മാരോട് പറഞ്ഞിരുന്നു. കെടിയു കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് എട്ട് വി സി മാര്‍ക്കും യോഗ്യതയില്ലെന്നാണ് ഗവര്‍ണ്ണറുടെ നിലപാട്. ഡിജിറ്റല്‍, ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല വി സി മാര്‍ക്ക് മറുപടി നല്‍കാന്‍ നാളെ വരെ സമയമുണ്ട്. വി സി മാര്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാര്‍, ഗവര്‍ണര്‍ക്ക് വിസിമാരെ പുറത്താക്കാന്‍ അധികാരമില്ലെന്ന നിലപാടില്‍ ആണ്.