ജെന്‍ഡര്‍ യൂണിഫോം തീരുമാനങ്ങള്‍ പിടിഎക്ക് തീരുമാനിച്ച് നിലപാടെടുക്കാം.
1 min readതിരുവനന്തപുരം:വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്.
ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും മേല്‍പ്പറഞ്ഞവയെ ഹനിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല.
പുരോഗമന സ്വഭാവമുള്ള ഒരു വിജ്ഞാന സമൂഹ നിര്‍മ്മിതിയാണ് നമ്മുടെ ലക്ഷ്യം. അതിന് ശാസ്ത്ര അവബോധം അനിവാര്യമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്ത്രീകളുടെ മേലുള്‍പ്പെടെ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടാകുന്ന ശ്രമങ്ങള്‍ നമ്മുടെ ലക്ഷ്യത്തിന് തടസ്സം നില്‍ക്കുന്ന ഒന്നാണ്. അത്തരം വാദഗതികള്‍ അംഗീകരിച്ചുകൊടുക്കുന്ന നയമല്ല സര്‍ക്കാരിന്റേത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ജാതിമതലിംഗ ഭേദമന്യേ അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിന് സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് നമ്മളേവരും മുന്‍കൈ എടുക്കേണ്ടത്.
സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഇതിനുണ്ടായിരിക്കുന്നതാണ്. നമ്മുടെ സമൂഹത്തില്‍ സ്ത്രീ സമൂഹത്തിന് തുല്യതാബോധം എന്ന ലക്ഷ്യത്തോടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ലക്ഷ്യത്തിന് കടകവിരുദ്ധമായി അടുത്തകാലത്ത് കാണുന്ന ചില പ്രവണതകള്‍ തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടവയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സ്‌കൂളുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരുത്താമെന്ന നി!ര്‍ദേശം ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് സമസ്ത. ചില ഭാഗങ്ങള്‍ പാഠ്യ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നു എന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു. സമത്വത്തിന്റെ പേരില്‍ നടപ്പാക്കുന്ന പരിഷ്‌ക്കരണം സ്ത്രീ സുരക്ഷയ്ക്ക് തടസ്സം ആകരുത്. കൂടുതല്‍ മാറ്റങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 30ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.
ധാര്‍മികതയ്ക്ക് എതിരായ പാഠ്യ പദ്ധതി പരിഷ്‌കരണങ്ങളെയാണ് എതിര്‍ക്കുന്നതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. സ്വവര്‍ഗ ലൈംഗികതയോടുള്ള എതിര്‍പ്പും അദ്ദേഹം അറിയിച്ചു. ധാര്‍മിക മൂല്യങ്ങളെ പിഴുത് ഏറിയുന്ന സ്ഥിതിയാണ്. ലൈംഗിക അരാജകത്വം എന്നതിലേക്ക് ലോകം പോകുന്നോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ്. മൃഗവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകാവുന്ന അവസ്ഥയാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ധാര്‍മികതയ്ക്ക് കോട്ടം തട്ടുന്ന വിദ്യാഭ്യാസം ഉണ്ടായാല്‍ തെമ്മാടിത്തം ചെയ്യാനുള്ള ജനതയെ സൃഷ്ടിക്കാനുള്ള കാല്‍വയ്പാകും.ധാര്‍മികതയ്ക്ക് അനുകൂലമായ നിലപാടിലേക്ക് മുഖ്യമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.