മറയൂരില്‍ വനംവകുപ്പ് വാച്ചറെ ഒറ്റയാന്‍ അടിച്ചു വീഴ്ത്തി

1 min read

മറയൂര്‍: ഇടുക്കിയില്‍ വനംവകുപ്പ് വാച്ചര്‍ക്കു നേരെ കാട്ടാനയുടെ ആക്രമണം. കാന്തല്ലൂര്‍ റേഞ്ചില്‍ വണ്ണാന്തുറൈ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് ഒറ്റയാന്റെ ആക്രമണത്തില്‍ വാച്ചര്‍ക്ക് പരിക്കേറ്റത്. പാളപ്പെട്ടി ഗോത്രവര്‍ഗ കോളനിയിലെ ശേഖര്‍ ചാപഌ (47)ക്കാണ് പരിക്കേറ്റത്. പാളപ്പെട്ടി സ്റ്റേഷന് സമീപമുള്ള ഷെഡ്ഡില്‍ രാത്രി കാവലിനുശേഷം ചൊവ്വാഴ്ച രാവിലെ 6.30ന് വീട്ടിലേക്ക് പോകാനായി പുറത്തിറങ്ങിയപ്പോഴാണ് ശേഖര്‍ ഒറ്റയാന്റെ മുന്നില്‍പ്പെട്ടത്.

ആനയെക്കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാട്ടാന തുമ്പിക്കൈകൊണ്ട് ശേഖറിനെ അടിച്ച് വീഴ്ത്തുകയായിരുന്നു. നിലവിളിച്ച് വീണ്ടും ഓടാന്‍ ശ്രമിച്ചപ്പോള്‍ ഒറ്റയാന്‍ പിന്‍വാങ്ങി. തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് ശേഖര്‍ പറഞ്ഞു. സമീപത്തുള്ള പാളപ്പെട്ടി സ്റ്റേഷനിലെത്തിയ ശേഖറിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ആനയുടെ അടിയേറ്റ് നിലത്ത് വീണ ശേഖറിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാന്തല്ലൂര്‍ റേഞ്ചില്‍ പലയിടങ്ങളിലും കാട്ടാന ഇറങ്ങുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വൈകുന്നേരങ്ങളില്‍ ഇറങ്ങുന്ന ആനകള്‍ പുലര്‍ച്ചെവരെ ജനവാസ മേഖലകളില്‍ തമ്പടിക്കുകയാണ് ചെയ്യുന്നത്. വ്യാപകമായി കൃഷിയും നശിപ്പിക്കുന്നുണ്ട്. കാട്ടാന ശല്യം തടയാന്‍ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts:

Leave a Reply

Your email address will not be published.