പാലം ബലപ്പെടുത്താന്‍ അലുമിനിയം ഷീറ്റ് പാകി’; തൂക്കുപാലം തകര്‍ച്ചയില്‍ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പൊലീസ്
1 min read
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തകര്‍ന്ന തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിയില്‍ സര്‍വത്ര ക്രമക്കേടെന്ന് പൊലീസ്. പാലം ബലപ്പെടുത്താതെ തറയിലെ മരപ്പാളികള്‍ മാറ്റി അലുമിനിയം ഷീറ്റുകള്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ളവര്‍ അറ്റകുറ്റപ്പണിക്ക് മേല്‍നോട്ടം വഹിച്ചില്ലെന്നും കണ്ടെത്തി. ഇതിനിടെ, ശേഷിയില്‍ കൂടുതല്‍ ആളുകളെ കയറ്റിയതിന് ഗുജറാത്തിലെ ദ്വാരക ഓഖ റൂട്ടിലെ 25 ബോട്ടുകളുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി.
അറസ്റ്റിലായ 9 ജീവനക്കാരില്‍ 4 പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്, പൊലീസ് വീഴ്ചകള്‍ എണ്ണിപ്പറയുന്നത്. ഏഴ് മാസത്തോളമാണ് അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടത്. ഇക്കാലയളവില്‍ പഴയ കമ്പികള്‍ മാറ്റുകയോ പാലം ബലപ്പെടുത്തുകയോ ഉണ്ടായില്ല. തറയിലെ മരപ്പാളികള്‍ക്ക് പകരം അലൂമിനിയം ഉപയോഗിച്ചു. ഇത് പാലത്തിന്റെ ഭാരം കൂട്ടി. ഇത് എഞ്ചിനീയറിംഗ് വീഴ്ചയാണ്. നിര്‍മാണ വേളയില്‍ എഞ്ചിനീയറിംഗ് വൈദഗ്ധ്യം ഉള്ളവര്‍ മേല്‍നോട്ടത്തിനുണ്ടായിരുന്നില്ല.ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാലം തുറന്ന് കൊടുക്കുകയും ചെയ്തു. ഇലക്ട്രോണിക്‌സ് ഉത്പന്ന നിര്‍മാതാക്കളായ കമ്പനിക്ക് സിവില്‍ വര്‍ക്ക് ടെണ്ടര്‍ പോലുമില്ലാതെ നല്‍കിയതിലും ദുരൂഹതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. പാലത്തിലേക്ക് അമിതമായി ആളെ കയറ്റിയതും ദുരന്തത്തിലേക്ക് നയിച്ചു. അറസ്റ്റിലായവര്‍ക്ക് വേണ്ടി വാദിക്കാന്‍ മോര്‍ബി ബാര്‍ അസോസിയേഷനിലെ അഭിഭാഷകരാരും തയ്യാറായില്ലെന്നതും ശ്രദ്ധേയമായി. അതേസമയം നിര്‍മാണ ജോലിയില്‍ നേരിട്ട് പങ്കെടുക്കാത്തവരാണ് തങ്ങളെന്ന് അറസ്റ്റിലായവര്‍ കോടതിയില്‍ വാദിച്ചു.
ഇതിനിടെ, ഓഖ ദ്വാരക റൂട്ടില്‍ അമിതമായി ആളുകളെ കയറ്റി സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്കെതിരെ അധികൃതര്‍ നടപടി എടുത്തു. മോര്‍ബി സംഭവത്തിന് പിന്നാലെ ഇവിടുത്തെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ഒരാഴ്ചത്തേക്കാണ് 25 ബോട്ടുകളുടെ ലൈസന്‍സ് ഗുജറാത്ത് മാരിടൈം ബോര്‍ഡ് റദ്ദാക്കിയത്. ലൈഫ് ജാക്കറ്റ് നല്‍കി മാത്രമേ ഇനി സംസ്ഥാനത്ത് ഇനി ബോട്ട് സര്‍വീസ് അനുവദിക്കൂ എന്നും സര്‍ക്കാര്‍ അറിയിച്ചു.