നാല് പതിറ്റാണ്ടിന് ശേഷം പിതാവ് മകനെ കണ്ടു, വൈകാതെ അന്ത്യം.

1 min read

മാനന്തവാടി (വയനാട്) : മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുസ്തഫയ്ക്ക് മറക്കാനാകാത്ത ദിനമായിരുന്നു അത്. 42 വര്‍ഷം മുന്‍പ് കുടുംബത്തെ വിട്ടുപിരിഞ്ഞയാള്‍ക്ക് മരണക്കിടക്കയില്‍ വെച്ച് മകന്റെ കൈ കൊണ്ട് രണ്ട് തുള്ളി വെള്ളം കുടിക്കാനുള്ള സൗഭാഗ്യമൊരുക്കിയതിന്റെ നിര്‍വൃതിയിലാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍. കണിയാരത്ത് രണ്ടാം ഭാര്യയോടൊത്ത് താമസിച്ച് വന്നിരുന്ന ബാബു എന്ന വെള്ളാരം കുന്നില്‍ വാസുദേവന് അദ്ദേഹം 42 വര്‍ഷം മുന്‍പ് ഉപേക്ഷിച്ചു പോയ മകനെ ഒരു തുണ്ട് കടലാസിലെഴുതിയ രണ്ട് വരി വെച്ച് അന്വേഷിച്ച് കണ്ടെത്തി മരിക്കുന്നതിന്റെ തൊട്ടുമുമ്പ് മകന്റെ കൈ കൊണ്ട് രണ്ട് തുള്ളി ദാഹജലം നുകരാന്‍ അവസരമൊരുക്കിയത് ഈ ഉദ്യോഗസ്ഥനാണ്. കുട്ടിക്കാലത്ത് അമ്മയേയും തന്നെയും തനിച്ചാക്കി പിരിഞ്ഞ പിതാവിന് അവസാനമായി ഒരു നോക്ക് കാണാനും, അദ്ദേഹത്തിന് എല്ലാ ചടങ്ങുകളോടെയും അന്ത്യ യാത്ര നല്‍കാനും കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് കേളകം സ്വദേശിയായ സജീവ്.

സംഭവം നടക്കുന്നത് ആഗസ്റ്റ് 29നാണ്. കണിയാരത്ത് താമസിച്ചു വന്നിരുന്ന വാസുദേവന്‍ (ബാബു) വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ മരണാസന്നനായി കിടക്കുകയായിരുന്നു. അദ്ദേഹവും രണ്ടാം ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. നാല് പതിറ്റാണ്ട് മുമ്പ് ഭാര്യയേയും ഏക മകനേയും ഉപേക്ഷിച്ച് നാടുവിട്ട വാസുദേവന്‍ പിന്നീട് രണ്ടാം വിവാഹം കഴിച്ചാണ് കണിയാരത്ത് താമസിച്ച് വന്നിരുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് മറ്റ് മക്കളൊന്നുമില്ലായിരുന്നു. അതുകൊണ്ട് തന്നെ വാസുദേവന്‍ മരിക്കുന്നതിന് മുമ്പ് ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമവുമായി രണ്ടാം ഭാര്യയും നാട്ടുകാരും മാനന്തവാടി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇവരുടെ കൈവശം വാസു, വെള്ളാരം കുന്നില്‍, ഇരിക്കൂര്‍ എന്ന് പേപ്പറിലെഴുതിയ ഒരു കുറിപ്പ് മാത്രമാണുണ്ടായത്.

വിഷയം ശ്രദ്ധയില്‍പ്പെട്ട മാനന്തവാടി സിഐ അബ്ദുള്‍ കരീം എസ്‌ഐ മുസ്തഫയെ അന്വേഷണമേല്‍പ്പിച്ചു. മുന്‍പ് ഇരിക്കൂര്‍ സ്റ്റേഷനില്‍ ജോലി ചെയ്ത പരിചയമുള്ളതിനാലും കണ്ണൂര്‍ സ്വദേശിയായതിനാലും മുസ്തഫ ഇരിക്കൂര്‍ പരിസരത്തെ ജനപ്രതിനിധികള്‍ക്കും, പൊലീസ്റ്റേഷനിലും, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടന കൂട്ടായ്മകള്‍ക്കും സന്ദേശം കൈമാറി. എല്ലാവരും പ്രസ്തുത വീട്ടുപേരിലുള്ളയാളെ ഇരിക്കൂര്‍ മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം മുസ്തഫയ്ക്ക് ഇതേ അഡ്രസിലുമുള്ള ഒരാള്‍ പയ്യാവൂരുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് മുസ്തഫ അതിന് പുറകെ പോകുകയും വാസുദേവന്റെ സഹോദരനെ ഫോണ്‍ മുഖാന്തരം കണ്ടെത്താന്‍ കഴിയുകയും, അതുവഴി നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ മകനായ കേളകം സ്വദേശി സജീവിനെ ഫോണില്‍ കിട്ടുകയുമായിരുന്നു. 22 വര്‍ഷത്തോളം വിദേശത്തായിരുന്ന സജീവ് രണ്ട് വര്‍ഷം മുമ്പായിരുന്നു നാട്ടിലെത്തിയിരുന്നത്.

വിവരമറിഞ്ഞ സജീവ് വികാരാധീനനായി പതിറ്റാണ്ടുകള്‍ മുമ്പ് ഉപേക്ഷിച്ച പിതാവിനെ കാണാന്‍ ഓടിയെത്തുകയായിരുന്നു. മരണാസന്നനായി കിടന്ന പിതാവിന് രണ്ട് തുള്ളി ദാഹജലം നല്‍കിയതായും അബോധാവസ്ഥയിലായിരുന്ന പിതാവ് തന്നെ ഒരു വട്ടം കണ്ണ് തുറന്ന് നോക്കിയതായും ആ മകന്‍ വേദനയോടെ ഓര്‍ക്കുന്നു.

പിറ്റേന്ന് മറ്റ് കുടുംബാംഗങ്ങളുമായി വരാമെന്ന് തീരുമാനിച്ച് വീട്ടിലേക്ക് മടങ്ങിയ സജീവിന് പിതാവിന്റെ മരണവാര്‍ത്തയാണ് രാത്രിയോടെ കേള്‍ക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് പെട്ടെന്ന് തന്നെ കണിയാരത്തേക്ക് വന്ന് ഏവരുടേയും സമ്മതത്തോടെ അച്ഛന്റെ മൃതദേഹം കേളകത്തെ വീട്ടിലെത്തിച്ച് എല്ലാവിധ ആചാര അനുഷ്ടാനങ്ങളോടും കൂടി സംസ്‌കരിച്ചു.

ഏതോ ഒരു സ്ഥലത്ത് അനാഥനായി സംസ്‌കരിക്കപ്പെടേണ്ടിയിരുന്ന പിതാവിനെ തന്റെ കരങ്ങളിലേല്‍പ്പിച്ച മാനന്തവാടി പൊലീസിന്റെ നന്മയ്ക്ക് മുന്നില്‍ നന്ദിയര്‍പ്പിക്കുകയാണ് സജീവ്. കൂടാതെ നാല് പതിറ്റാണ്ടിന് ശേഷം പ്രിയതമനെ ഇങ്ങനൊരവസ്ഥയില്‍ കണ്ടതിന്റെ വേദനയില്‍
തന്റെ അമ്മയ്ക്കുണ്ടായ ആഘാതത്തിന്റെ ഓര്‍മ്മയും അദ്ദേഹം പങ്കുവെച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അന്നേ ദിവസം സിഐ അബ്ദുള്‍ കരീം സഹപ്രവര്‍ത്തക്കായി പങ്കുവെച്ച കുറിപ്പ് വായിക്കാം:

അഭിമാനം

കേട്ട നന്ദി വാക്കുകളില്‍ ഏറ്റവും മഹത്തരമെന്ന് തോന്നി ഇന്ന് സജീവ് കേളകം എന്ന പച്ചയായ മനുഷ്യന്റെ സംസാരം… വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളെ ഉപേക്ഷിച്ച് പോയ പിതാവ്.. ഇനി ഒരിക്കലും തിരിച്ച് വരുമെന്നോ കാണുമെന്നോ ഉള്ള പ്രതീക്ഷകള്‍ മനസ്സിന്റെ അങ്ങേ തലക്കല്‍ പോലും ഇല്ലാതെ കഴിഞ്ഞ സജീവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് പിതാവിന്റെ മരണത്തിന് തൊട്ടുമുമ്പ് കണ്ടെത്തുവാനും മകന്റെ കയ്യില്‍ നിന്നും ഒരിറ്റ് വെള്ളം വാങ്ങി കുടിച്ച് മരിക്കാനുമു ള്ള ഭാഗ്യം..
സുകൃതം..
എന്നല്ലാതെ ഒന്നും പറയാനില്ല..

ആയിരം അധ്യാപകരെക്കാള്‍ മഹത്തരമാണ് മകന് പിതാവിന്റെ ഉപദേശം..

കയ്യില്‍ ചുരുട്ടി പിടിച്ചു അച്ഛന്‍ കൊണ്ട് വരുന്ന മിഠായി സ്വപ്നം കണ്ടിട്ടില്ലായിരുന്നു ഈ മകന്‍.. ഒരു പെന്‍സില്‍ പോലും വാങ്ങി നല്‍കിയില്ലായിരുന്നു പോലും മകന്..

കാലം
പക്ഷേ..
പിതാവ് എന്ന തീച്ചൂളയില്‍ വെന്ത വാക്കിന് ഈ മകനെ അടുത്തെത്തിച്ചു.. മരണത്തിന് തൊട്ടുമുമ്പ് അച്ഛനെ കണ്ടെത്താന്‍ സഹായിച്ചത് നമ്മുടെ പോലീസ് സ്റ്റേഷനാണ്.. പ്രത്യേകിച്ച് മുസ്ഥഫ എസ്.ഐ.

ആ മകന്‍ ഇന്ന് ജേതാവാണ്.. വീര പരിവേഷം നമ്മുടെ സ്റ്റേഷനാണ്..

മനുഷ്യബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനുള്ള സമര്‍പ്പണം ഇനിയും ഉണ്ടാവട്ടെ..
. നമ്മുടെ പ്രവൃത്തികള്‍ പുണ്യം.. പോലീസ് ദൈവദൂതരാണിന്നാ മനുഷ്യന്..

എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..സ്‌നേഹം.

Related posts:

Leave a Reply

Your email address will not be published.