കിളികൊല്ലൂരിലെ കള്ളക്കേസ്: എസ്എച്ച്ഒ ഉള്‍പ്പെടെ 4 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷനും
1 min readതിരുവനന്തപുരം: കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും പൊലീസിനെ അക്രമിച്ചെന്ന് കള്ളക്കേസെടുത്ത സംഭവത്തില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കിളികൊല്ലൂര്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ഉള്‍പ്പെടെ നാലു പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്എച്ച്ഒ വിനോദ് എസ്, എസ്‌ഐ അനീഷ്, ഗ്രേഡ് എസ്‌ഐ പ്രകാശ് ചന്ദ്രന്‍, സിപിഒ മണികണ്ഠന്‍ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്‌പെന്‍ഡ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. മഫ്തിയിലുണ്ടായിരുന്ന എഎസ്‌ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ലഹരി കടത്ത് കേസില്‍ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എഎസ്‌ഐ ആക്രമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു. ഇതിനു പിന്നാലെ, കേസ് വ്യാജമാണെന്ന് തെളിയിക്കുന്ന കിളികൊല്ലൂര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത് വന്നു. ബൈക്കില്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതിരുന്നതിനെ ചൊല്ലി എഎസ്‌ഐയും വിഷ്ണുമായി ഉണ്ടായ തര്‍ക്കമാണ് കള്ളക്കേസ് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്ന വീഡിയോയാണ് പുറത്തായത്. അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസെടുത്തത് കള്ളക്കേസ് ആണെന്ന് കണ്ടെത്തി. പിന്നാലെ, എസ്‌ഐ അനീഷ്, എഎസ്‌ഐ പ്രകാശ് ചന്ദ്രന്‍, സിപിഒ ദിലീപ് എന്നിവരെ സ്ഥലം മാറ്റിയിരുന്നു.