തെറ്റ് ചെയ്തില്ല, നിരപരാധിത്വം തെളിയിക്കും; ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് വീട്ടിലെത്തി
1 min readകൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എല്‍ദോസ്, തിരുവനന്തപുരം അഡി. സെഷന്‍സ് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്. കോടതി നിര്‍ദ്ദേശ പ്രകാരം നാളെ എല്‍ദോസിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.
ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആവര്‍ത്തിക്കുകയാണ് എല്‍ദോസ് കുന്നപ്പിള്ളില്‍. പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ഇന്നലെ ഫോണില്‍ സംസാരിച്ചുവെന്നും എല്‍ദോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും ഫോണില്‍ കിട്ടിയില്ല എന്നത് കൊണ്ട് ഒളിവിലായിരുന്നു എന്ന് പറയാന്‍ കഴിയില്ലെന്നും എംഎല്‍എ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ കോടതി ഉത്തരവ് പരിശോധിച്ച്, വക്കിലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും കടുത്ത നിബന്ധനകളാണ് കോടതി എല്‍ദോസിന് മുന്നില്‍ വച്ചിട്ടുള്ളത്. 11 ഉപാധികളാണ് ജാമ്യം അനുവദിക്കുന്നതിനായി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ല, കേരളം വിടരുത് തുടങ്ങി, പാസ്‌പോര്‍ട്ടും ഫോണും സറണ്ടര്‍ ചെയ്യണം എന്നു വരെയുള്ള നിബന്ധനകള്‍ ഇതിലുള്‍പ്പെടുന്നു.
ജാമ്യ ഉപാധികള്‍ ഇവയൊക്കെ
- കേരളം വിട്ടുപോകരുത്
- പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം
- മൊബൈല്‍ ഫോണ്‍ സറണ്ടര്‍ ചെയ്യണം
- പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാണോ പാടില്ല
- സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്
- സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റിടരുത്
- സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം
- അന്വേഷണവുമായി സഹകരിക്കണം
- അഞ്ച് ലക്ഷം രൂപ ജാമ്യത്തുക, അല്ലെങ്കില്‍ തത്തുല്യമായ രണ്ട് ആള്‍ ജാമ്യം
- അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ 10 ദിവസം സമയം
- ഒക്ടോബര്‍ 22നും നവംബര്‍ 1നും ഇടയില്‍ ഹാജരായാല്‍ മതി