നീ അനുഭവിക്കും, കര്‍ത്താവ് എന്റെ കൂടെ;
ഒളിവിലിരുന്ന് സാക്ഷിക്ക് എല്‍ദോസ് കുന്നപ്പിള്ളിയുടെ സന്ദേശം
1 min read

തിരുവനന്തപുരം: ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് വാട്ട്സ് ആപ്പ് സന്ദേശം അയച്ച് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. കേസിലെ പ്രധാന സാക്ഷിക്കാണ് സന്ദേശമയച്ചത്. ഇന്നലെ പുലര്‍ച്ചെ 2.30 നാണ് സന്ദേശം അയച്ചത്. പണത്തിന്റെ കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കണമെന്ന് എല്‍ദോസ് സന്ദേശത്തില്‍ പറയുന്നു. തക്കതായ മറുപടി ദൈവം നല്‍കുമെന്നും സന്ദേശത്തിലുണ്ട്. നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സമ്മര്‍ദ്ദം. പരാതിക്കാരിയെ കാണാനില്ലെന്ന് വഞ്ചിയൂര്‍ സ്റ്റേഷനില്‍ പരാതി നല്കിയതും ഇതേ സാക്ഷിയാണ്.
എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴിക്കായി കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷ നല്കി. എല്‍ദോസ് കുന്നിപ്പിള്ളില്‍ എംഎല്‍എ ഒളിവില്‍ തുടരുകയാണ്. എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. മൂന്ന് ദിവസമായി പൊതുപരിപാടികളും റദ്ദാക്കിയിരിക്കുകയാണ്.
എംഎല്‍എ എവിടെയാണെന്ന് പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ വ്യക്തതയില്ല. എംഎല്‍എയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനിടെ പരാതിക്കാരി എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് എംഎല്‍എയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ മൊഴി നല്കാന് തയ്യാറായിട്ടില്ല. പൊലീസ് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കിയിട്ടില്ല. അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് സ്പീക്കറുടെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.