വിവാഹമെന്നാല്‍ എന്തെന്ന് ചോദ്യം
പൂജ്യം മാര്‍ക്ക് നല്‍കി ടീച്ചര്‍ ;
ഉത്തരം ശരിയാണെന്ന് സോഷ്യല്‍ മീഡിയ

1 min read

ചോദ്യക്കടലാസിലെ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ എഴുതുന്ന രസകരമായ മറുപടികള്‍ ഇത് ആദ്യമായല്ല വൈറലാകുന്നത്. ചിലര്‍ ഉത്തരമറിയാത്തതിന്റെ പേരില്‍ എന്തെങ്കിലുമൊക്കെ എഴുതിവയ്ക്കുന്നതാണെങ്കില്‍ മറ്റു ചിലര്‍ തങ്ങളുടെ മനസ്സിലെ കാഴ്ചപ്പാടായിരിക്കും ഉത്തരമായി പകര്‍ത്തുന്നത്. അത്തരത്തില്‍ വിവാഹം എന്നാല്‍ എന്ത് എന്ന ചോദ്യത്തിന് ഒരു കുട്ടി എഴുതിയ മറുപടിയാണ് ഇപ്പോള്‍ എല്ലാവരെയും ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്.

പുസ്തകത്തിലെ ഉത്തരം പ്രതീക്ഷിച്ചു പരീക്ഷയ്ക്ക് ചോദിച്ച ചോദ്യത്തിന് തന്റെ മനസ്സില്‍ വിവാഹമെന്നാല്‍ എന്താണെന്ന് മനസ്സിലാക്കി വച്ചിരിക്കുന്ന ഉത്തരമായിരുന്നു കുട്ടി എഴുതിയത്. ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ഉത്തരം ഇങ്ങനെ :

നീ ഒരു മുതിര്‍ന്ന സ്ത്രീയാണെന്നും നിനക്കിനി ആഹാരം തരാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല എന്നും മാതാപിതാക്കള്‍ പെണ്‍കുട്ടിയോട് പറയുമ്പോഴാണ് വിവാഹം നടക്കുന്നത്. നിനക്ക് ഭക്ഷണം തരാന്‍ കഴിവുള്ള ഒരാളെ പോയി കണ്ടെത്താന്‍ മാതാപിതാക്കള്‍ പറയുന്നു. അങ്ങനെ പെണ്‍കുട്ടി ഇതേ രീതിയില്‍ കല്യാണം കഴിക്കാനായി വീട്ടുകാര്‍ വഴക്ക് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു പുരുഷനെ കണ്ടെത്തുന്നു. ഇയാളും മുതിര്‍ന്നതാണെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ കല്യാണത്തിന് നിര്‍ബന്ധിക്കുന്നത്. പിന്നീട് രണ്ടുപേരും പരസ്പരം ടെസ്റ്റ് ചെയ്യും. സന്തോഷമായി തന്നെ ഇരിക്കുന്നെങ്കില്‍ ഒരുമിച്ച് ജീവിക്കാന്‍ സമ്മതിക്കുകയും ചെയ്യും.

ഈ ഉത്തരം കണ്ടു അന്ധാളിച്ചു പോയ അധ്യാപിക പത്തില്‍ പൂജ്യം മാര്‍ക്കാണ് കുട്ടിക്ക് നല്‍കിയിരിക്കുന്നത്. ഉത്തരം പൂര്‍ണ്ണമായും വെട്ടിയിട്ട ശേഷം തികച്ചും മണ്ടത്തരം എന്ന് കുറിച്ചിട്ടുമുണ്ട്. അതുകൊണ്ടും തീര്‍ന്നില്ല തന്നെ നേരിട്ട് വന്ന് കാണണം എന്ന് പ്രത്യേകം എഴുതുകയും ചെയ്തിരിക്കുന്നു.

ഉത്തര കടലാസിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ വളരെ വേഗം വൈറലായി തീര്‍ന്നിട്ടുണ്ട്. ടീച്ചര്‍ മാര്‍ക്ക് നല്‍കിയില്ലെങ്കിലും ഒരുതരത്തില്‍ പറഞ്ഞാല്‍ കുട്ടി എഴുതിയ ഉത്തരം ശരിയാണെന്ന തരത്തിലാണ് പലരും രസകരമായ കമന്റുകള്‍ കുറിക്കുന്നത്. വാസ്തവം ഇതാണെന്നും കുട്ടിക്ക് മെഡല്‍ നല്‍കണമെന്നും പ്രതികരിക്കുന്നവരുണ്ട്. വിവാഹം എന്താണെന്നുള്ള ഒരു ചോദ്യത്തിന് ഇങ്ങനെയല്ലാതെ മറ്റെന്തെങ്കിലും മറുപടി പറയാന്‍ ഒരു കുട്ടിക്കാവുമോ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.

Related posts:

Leave a Reply

Your email address will not be published.