ദൃശ്യം മോഡല്‍ കൊലയ്ക്ക് പിന്നിലെ കാരണങ്ങള്‍ ദുരൂഹം; അന്വേഷിക്കാന്‍ പൊലീസ്
1 min readചങ്ങനാശ്ശേരി: ദൃശ്യം മോഡല്‍ കൊലയ്ക്ക് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കാന്‍ ഉറച്ച് പോലീസ്. ബിന്ദുമോനെ കൊന്നത് താനല്ലെന്നാണ് പ്രതി മുത്തുകുമാറിന്റെ മൊഴി. മുത്തുകുമാരന് പറഞ്ഞ കാരണങ്ങള്‍ പോലീസ് വിശ്വസിച്ചിട്ടില്ല. എ.സി. കോളനിയിലെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ആലപ്പുഴ തെക്കന്‍ ആര്യാട് സ്വദേശി ബിന്ദുമോനെ കുഴിച്ചുമൂടാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. ഇവ പ്രതി മുത്തുകുമാര്‍ അയാളുടെ അയല്‍വീടുകളില്‍നിന്ന് തത്കാലത്തേക്ക് വാങ്ങിയതാണെന്ന് പോലീസ് പറഞ്ഞു.
ഉപയോഗിച്ചതിനുശേഷം ആയുധങ്ങള്‍ വൃത്തിയാക്കി അതേ വീടുകളില്‍ മടക്കിക്കൊടുത്തിരുന്നു. അവിടങ്ങളില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഞായറാഴ്ച വൈകീട്ട് എ.സി. കോളനിയിലെ വാടകവീട്ടിലെത്തിച്ച് തെളിവെടുക്കുമ്പോഴായിരുന്നു ഇത്. ഇയാള്‍ക്കൊപ്പം കൊലപാതകത്തില്‍ പങ്കാളികളായ കോട്ടയം, വാകത്താനം സ്വദേശികളായ രണ്ടുപേര്‍ കോയമ്പത്തൂരില്‍ പോലീസ് നിരീക്ഷണത്തിലുമാണ്.
ഇതുസംബന്ധിച്ച് പോലീസ് പറയുന്നത്- ക്രിമിനല്‍ പശ്ചാത്തലമുള്ള ബിബിന്‍, ബിനോയ് എന്നിവരുമൊത്ത് മുത്തുകുമാര്‍, ബിന്ദുമോനെ വീട്ടിലേക്ക് മദ്യപിക്കാന്‍ വിളിച്ചുവരുത്തി. 26-ന് വൈകീട്ടോടെ രണ്ട് താറാവിനെ വാങ്ങി കറിവെച്ചു. മദ്യവും ചപ്പാത്തിയും വാങ്ങിയിരുന്നു.
എല്ലാവരും ചേര്‍ന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിനിടെ ഫോണ്‍ വന്നതിനെത്തുടര്‍ന്ന് മുത്തുകുമാര്‍ മുറ്റത്തേയ്ക്കു പോയി. തിരികെ വന്നപ്പോള്‍ ബിന്ദുമോനെ മര്‍ദ്ദനമേറ്റ് മരിച്ചുകിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഒപ്പമുള്ളവര്‍ ഭീഷണിപ്പെടുത്തിയതോടെ, മുത്തുകുമാര്‍ അയല്‍വീടുകളില്‍പ്പോയി, തൂമ്പയും കമ്പിപ്പാരയും വാങ്ങി. അടുക്കളയ്ക്ക് പിന്നിലെ ഷെഡില്‍ കുഴിയെടുത്ത് മൃതദേഹം അതിലിട്ടു. തുടര്‍ന്ന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തെന്നും മുത്തുകുമാര്‍ മൊഴി നല്‍കിയെന്ന് പോലീസ് പറയുന്നു.
ബിന്ദുമോനെ എന്തിന് വേണ്ടിയാണ് കൊന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മുത്തുകുമാര്‍ ഒഴികെയുള്ളവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണോ കൊലപാതകത്തിലെത്തിയതെന്നും പോലീസ് സംശയിക്കുന്നു. സുഹൃത്തുക്കളായ ബിബിനും ബിനോയിയും ചേര്‍ന്നാണ് ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തെ തോട്ടില്‍ ഉപേക്ഷിച്ചതെന്ന് മുത്തുകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇതില്‍ ഒരാള്‍ വാകത്താനം സ്വദേശിയാണെന്ന സൂചനയും പോലീസിന് ലഭിച്ചു. മൊഴി പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. സംഭവദിവസം മുത്തുകുമാര്‍ മക്കളെ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. ഇതാണ് കരുതിക്കൂട്ടിയുള്ള കൊലപാതമാണോയെന്ന് പോലീസ് സംശയിക്കാന്‍ കാരണം. ക്വട്ടേഷനാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ബിബിനും ബിനോയിയുമാണ് കോയമ്പത്തൂരില്‍ പോലീസ് നിരീക്ഷണത്തിലുള്ളത്. ഇരുവരും കഞ്ചാവ് കേസിലടക്കം പ്രതികളാണ്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താലേ കൊലപാതകകാരണം വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു. ഇരുവരെയും കൊണ്ടുവരാന്‍ ഈസ്റ്റ് സി.ഐ. യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് കോയമ്പത്തൂരില്‍ ചെന്നിട്ടുണ്ട്.
കൊല്ലപ്പെട്ട ബിന്ദുമോന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ട്. മര്‍ദ്ദനമാണ് മരണകാരണമായതെന്നും റിപ്പോര്‍ട്ടിലുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചങ്ങനാശ്ശേരി ഇന്‍സ്പെക്ടര്‍ റിച്ചാര്‍ഡ് വര്‍ഗീസിന് കൈമാറി.
അച്ഛന് പുരുഷനെയും അമ്മ കമലമ്മയെയും ബന്ധുക്കള്‍ താങ്ങിപ്പിടിച്ചാണ് മൃതദേഹത്തിനടുത്ത് എത്തിച്ചത്. ബിന്ദുമോന്റെ ജ്യേഷ്ഠസഹോദരന് സജിയുടെ മക്കള്‍ അപര്‍ണയും അഭിരാമും മൃതദേഹംകണ്ട് ബോധംകെട്ടുവീണു. അവിവാഹിതനായ ബിന്ദുമോന് ഇവരോടായിരുന്നു ഏറെ അടുപ്പവും വാത്സല്യവും. ബിന്ദുമോന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നതും ഇവര്‍ക്കായിരുന്നു. ശരീരം അഴുകിയ നിലയിലായതിനാല്‍ മൂടിക്കെട്ടിയാണ് ചങ്ങനാശ്ശേരിയില്‍ കൊല്ലപ്പെട്ട ബിന്ദുമോന്റെ മൃതദേഹം ആര്യാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കിഴക്കെവെളി വീട്ടുമുറ്റത്തെത്തിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടുമുറ്റത്ത് സംസ്കരിച്ചു.