വോട്ട് ചെയ്തത് ഫോണില്‍; കുട്ടികളുടെ പ്രയത്‌നത്തില്‍ ഡിജിറ്റല്‍ തെരഞ്ഞെടുപ്പ് നടത്തി മാള ഗാന്ധി സ്മാരക സ്‌കൂള്‍

1 min read

തൃശ്ശൂര്‍: നമ്മുടെ സ്‌കൂള്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പിനായി പതിവായി ഉപയോഗിക്കുന്നത് പേപ്പര്‍ ബാലറ്റുകളാണ്. എന്നാല്‍ തൃശ്ശൂര്‍ മാള ഗാന്ധി സ്മാരക ഹൈസ്‌കൂളിലെ കുട്ടികള്‍ ഇതിനൊരു മാറ്റം വരുത്തിയിട്ടുണ്ട്. കൈറ്റ്‌സിന്റെ കുട്ടികള്‍ തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ വഴിയായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.

മാളയിലെ അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്‌കൂളിലായിരുന്നു ഈ തെരഞ്ഞെടുപ്പ് നടന്നത്. ഹൈസ്‌കൂള്‍, യു പി വിഭാഗങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ബൂത്തുകളില്‍ ആണ് വോട്ടെടുപ്പ് നടന്നത്. ചൂണ്ട് വിരലില്‍ മഷി പുരണ്ടപ്പോഴും, മൊബൈലില്‍ സ്ഥാനാര്‍ത്ഥികളുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോഴും കുട്ടികളില്‍ കൗതുകം ഉണര്‍ന്നു.

ക്ലാസ് ലീഡറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പായിരുന്നെങ്കിലും ഒരു അസംബ്ലി തെരഞ്ഞെടുപ്പിന്റെ പകിട്ടുണ്ടായിരുന്നു അതിന്. തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ടും പോളിംഗ് ശതമാനവും ഒക്കെ അപ്പോള്‍ തന്നെ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് കാണാന്‍ പറ്റുന്ന രീതിയിലായിരുന്നു എല്ലാം സജ്ജീകരിച്ചത്. പത്താം ക്ലാസിലെ ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സോഫ്റ്റ്‌വെയറായിരുന്നു ഇല്‌ട്രോണിക് വോട്ടിംഗ് മെഷീനായ മൊബൈല്‍ ഫോണിന്റെ ബലം.

സ്‌കൂളിലെ 15 ഡിവിഷനുകളില്‍ നിന്നായി 51 കുട്ടികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സ്‌കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപിക കെഎസ് പ്രീതയാണ്, അടിമുടി ഡിജിറ്റലായി നടത്തിയ തെരഞ്ഞെടുപ്പില്‍ കുട്ടികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി ഒപ്പം നിന്നത്. തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്കുള്ള അനുമോദന യോഗം പിന്നീട് സ്‌കൂളില്‍ നടന്നു.

Related posts:

Leave a Reply

Your email address will not be published.