മൂന്നാര്‍ പഞ്ചായത്ത് ഓഫീസില്‍ സിപിഐ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ക്ക് പരിക്ക്

1 min read

മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്ത് ഓഫീസില്‍ സി പി ഐ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ലക്ഷ്മി വാര്‍ഡംഗം സിപിഐയിലെ പി. സന്തോഷ് (42), പെരിയവര ആനമുടി വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം പി. തങ്കമുടി (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.

രണ്ട് മാസം മുമ്പ് സി പി ഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന തങ്കമുടിയും സി പി ഐ അംഗങ്ങളുമായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ വൈകിട്ട് ഗ്രാമസഭ സംബന്ധിച്ച നോട്ടീസ് എടുക്കാനായി പഞ്ചായത്തില്‍ എത്തിയ തന്നെ സി പി ഐ അംഗങ്ങളായ ഗണേശനും സന്തോഷും ചേര്‍ന്ന് മരക്കമ്പുകള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു എന്ന് തങ്കമുടി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച മൂന്നാര്‍ ടൗണില്‍ നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സി പി ഐയ്ക്ക് എതിരെ പ്രസംഗിച്ചുവെന്ന് പറഞ്ഞാണ് ഇരുവരും തന്നെ ആക്രമിച്ചതെന്ന് തങ്കമുടി പറയുന്നു.

എന്നാല്‍, പഞ്ചായത്ത് ഓഫീസില്‍ നില്‍ക്കുകയായിരുന്ന തന്നെയും ഗണേശനെയും തങ്കമുടിയുടെ നേതൃത്വത്തിലെത്തിയ സംഘം ആക്രമിക്കുകയാണ് ചെയ്തതെന്ന് സന്തോഷും ആരോപിക്കുന്നു. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ മൂന്നാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ ഇരുവിഭാഗവും തമ്മില്‍ നിരന്തരം കലഹങ്ങള്‍ പതിവാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന ആക്രമണവും.

Related posts:

Leave a Reply

Your email address will not be published.