സിപിഎം ഓഫീസ് ആക്രമണം സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നീക്കം’, പ്രകോപനങ്ങളില്‍ വശംവദരാകരുതെന്ന് മുഖ്യമന്തി
1 min readതിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന് അപലപിച്ചു. പാര്‍ട്ടി ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രകോപനങ്ങളില്‍ വശംവദരാകരുതെന്ന് മുഴുവന്‍ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത് എന്ന് സിസിടിവി ദൃശ്യങ്ങളിലുണ്ട്. മൂന്ന് ബൈക്കുകളും നിര്‍ത്താതെ വേഗത കുറച്ച് കല്ലെറിഞ്ഞ ശേഷം അതിവേഗത്തില്‍ പോവുകയായിരുന്നു. ഓഫീസിന് പുറത്തുണ്ടായ പൊലീസുകാര്‍ ബൈക്കിന്റെ പിറകെ ഓടിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അടക്കമുളള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. സംഘങ്ങളായി തിരിഞ്ഞ് പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. സംഭവം നടക്കുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഓഫീസിലുണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ആരോപിച്ചു.
ഇന്നലെ വഞ്ചിയൂരില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നും ബിജെപിയും ആര്‍എസ്എസും നാടിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പറഞ്ഞു. നഗരമധ്യത്തിലെ എകെജി സെന്ററിന് നേരെ ആക്രമണം നടന്ന് രണ്ടുമാസമായിട്ടും പ്രതിയെ കിട്ടാതിരിക്കുമ്പോഴാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് തൊട്ടടുത്തുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്.