പണം വാങ്ങി ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ ഭര്‍ത്താവ് അറസ്റ്റിലായി.

1 min read

കോഴിക്കോട്: പണം വാങ്ങി ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ ഭര്‍ത്താവ് അറസ്റ്റിലായി. വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ലത്തീഫാണ് (35) ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. തൊട്ടില്‍പ്പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ ബലാത്സംഗത്തിന് ഇരയായി എന്ന യുവതിയുടെ പരാതിയിലാണ് നടപടി. പേരാമ്പ്ര സി.ഐ. എം. സജീവ് കുമാര്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പണം വാങ്ങി യുവതിയെ ഹോട്ടലിലേക്ക് തന്റെ കാറിലെത്തിച്ച് മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയായിരുന്നു ഭര്‍ത്താവെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലില്‍ വച്ചുള്ള പീഡനത്തിന് പുറമേ വാടക വീട്ടിലേക്ക് ഒരാളെ കൂട്ടിക്കൊണ്ട് വരുകയും , പണം കൈപ്പറ്റി ഭാര്യയെ ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. യുവതിയെ കാണാതായെന്ന് കാണിച്ച് മാതാവ് ഓഗസ്റ്റ് 14ന് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

ആശുപത്രിയില്‍ മാതാവിനൊപ്പം ഡോക്ടറെ കാണാനായി പോയ സമയത്താണ് യുവതിയെ കാണാതാകുന്നത്. തുടര്‍ന്ന് 15ന് യുവതി പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. മരിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇറങ്ങിത്തിരിച്ചതാണെന്നും പിന്നീട് മക്കളെ ഓര്‍ത്ത് മനംമാറ്റം ഉണ്ടായതോടെ ബന്ധുവീട്ടില്‍ പോയി തിരികെ വരുകയായിരുന്നുവെന്നുമാണ് യുവതി അന്ന് മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് ചോദ്യം ചെയ്യലിലാണ് പീഡന വിവരം യുവതി പൊലീസിനോട് പറയുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. കൃത്യത്തിന് ഉപയോഗിച്ച അബ്ദുള്‍ ലത്തീഫിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.