സൈക്കിളില്‍ ഒറ്റയ്ക്ക് ഇന്ത്യന്‍ പര്യടനം; ആശ മാളവ്യ തലസ്ഥാനത്ത്
1 min read
തിരുവനന്തപുരം: ഇന്ത്യയൊട്ടാകെ സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ ഒറ്റക്കെട്ടായി പോരാടുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള ആശാ മാളവ്യ.
അതിനു വേണ്ടി പോരാടി സൈക്കിളില്‍ യാത്ര ചെയ്ത് ആശാ മാളവ്യ തിരുവന്തപുരത്തും എത്തിയിരിക്കുകയാണ്. നവംബര്‍ ഒന്നിന് ഭോപ്പാലില്‍ നിന്ന് ആരംഭിച്ച യാത്ര ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ വഴി സഞ്ചരിച്ചാണ് ആശ മാളവ്യ കേരളത്തിലെത്തിയത്.
തനിച്ച് ഇന്ത്യ മുഴുവന്‍ സൈക്കില്‍ സഞ്ചരിക്കുന്ന ഈ മധ്യപ്രദേശുകാരി ഇതിനോടകം പര്യാടനം പൂര്‍ത്തിയാക്കിയത് കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലാണ്. ദേശീയ കായിക താരവും പര്‍വതാരോഹകയുമായ ആശ ലക്ഷ്യമിടുന്നത് 2023 സെപ്റ്റംബറില്‍ സൈക്കിളില്‍ 20,000 കി.മീറ്റര്‍ പിന്നിട്ട് പര്യാടനം പൂര്‍ത്തിയാക്കണമെന്നാണ്. തിരുവനന്തപുരത്തെത്തിയ ആശ ഗതാഗത മന്ത്രി ആന്റണി രാജു ഉള്‍പ്പെടെയുളള പ്രമുഖരെ സന്ദര്‍ശിച്ചു.
യാത്ര കണ്ണൂരിലെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോഴിക്കോട് വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും നേരില്‍ കണ്ടിരുന്നതായി ആശ പറഞ്ഞിരിന്നു. തിരുവനന്തപുരം കളക്ടറേറ്റിലെത്തിയ ആശയെ ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം അനില്‍ ജോസ്, ഹുസൂര്‍ ശിരസ്തദാര്‍ എസ്. രാജശേഖരന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
തമിഴ്നാട്, കര്‍ണാടക, ഒഡിഷ വഴി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ജമ്മു ആന്‍ഡ് കശ്മീരും പിന്നിട്ട് ദില്ലയില്‍ എത്തിയശേഷം അടുത്ത വര്‍ഷം ഓഗസ്റ്റോടെ യാത്ര പൂര്‍ത്തിയാക്കുമെന്നും ആശ വ്യക്തമാക്കി. മധ്യപ്രദേശിലെ രാജ്ഘര്‍ ജില്ലയിലെ നടാറാം ഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആശ ദേശീയ കായിക മത്സരങ്ങളില്‍ അത്ലറ്റിക്സില്‍ മൂന്ന് തവണ നേട്ടം കൈവരിച്ചിട്ടുണ്ട്. കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നും മികച്ച സ്വീകരണം തനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ആശ പറഞ്ഞു.