തിരുവോണം ബമ്പര്‍ രണ്ടാം സമ്മാനം പാലായില്‍ വിറ്റ ടിക്കറ്റിന്; ആര്‍ക്കെന്നത് രഹസ്യം

1 min read

കോട്ടയം: തിരുവോണം ബമ്പര്‍ രണ്ടാം സമ്മാനം അടിച്ചത് പാലായില്‍ വിറ്റ ടിക്കറ്റിന്. രണ്ടാം സമ്മാനത്തിന് അര്‍ഹമായ അഞ്ച് കോടിയുടെ ടിക്കറ്റ് ഉടമ പാലയിലെ കനറാ ബാങ്കില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാവിലെ ടിക്കറ്റുമായി ഉടമ ബാങ്കിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ തന്റെ പേരും മറ്റ് വിവരങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്ന് ഉടമ അറിയിച്ചതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി അടിച്ചത്. കോട്ടയം മീനാക്ഷി സെന്ററില്‍ നിന്നെടുത്ത് വഴിയോരക്കച്ചവടക്കാരനായ പാപ്പച്ചനാണ് ലോട്ടറി വിറ്റത്. എന്നാല്‍ ടിക്കറ്റ് വിറ്റത് ആര്‍ക്കാണെന്ന് പാപ്പച്ചന് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പത്തു വര്‍ഷമായി പാപ്പച്ചന്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പന രംഗത്തുണ്ട്. ഇതിനു മുമ്പ് 15 ലക്ഷം രൂപ ഇദ്ദേഹം വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. പ്രധാനമായും പാലാ ടൗണിലും ഭരണങ്ങാനം ടൗണിലുമാണ് ടിക്കറ്റ് വില്‍പ്പന നടത്തുന്നത്.

അതേസമയം TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.75 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. ഒരുകോടി രൂപയാണ് മൂന്നാം സമ്മാനം.

ഇത്തവണ ഓണം ബമ്പറിന് റെക്കോര്‍ഡ് വില്‍പനയാണ് നടന്നത്. ഒരാഴ്ച്ചക്കുള്ളില്‍ തന്നെ വലിയരീതിയില്‍ ഓണം ബമ്പര്‍ ടിക്കറ്റിന്റെ വില്‍പന നടന്നിരുന്നു. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളില്‍ പത്തര ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. ആകെ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ മാത്രമാണ് ബാക്കിയായത്.

Related posts:

Leave a Reply

Your email address will not be published.