പോപ്പുലർഫ്രണ്ട് റെയിഡ് വ്യക്തമായ വിവരം ലഭിച്ചശേഷം; നടപടികള്‍ കടുപ്പിക്കാന്‍ അമിത് ഷാ
1 min readന്യൂഡൽഹി: പോപ്പുലർഫ്രണ്ടിനെതിരെ കേന്ദ്രസർക്കാർ നീക്കം നടത്തിയത് ഇരുചെവി അറിയാതെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ രഹസ്യമായി ചേർന്ന ഉന്നത തല യോഗങ്ങളിലായിരുന്നു പോപ്പുലർഫ്രണ്ടിനെതിരായ നീക്കം നടന്നത്. 2017 മുതൽ എൻഐഎ ജാഗ്രതയിലാണ്.
കരാട്ടെ ക്ലാസിന്റെ മറവിൽ ഹിന്ദുക്കളെ ആക്രമിക്കാൻ മുസ്ലീങ്ങൾക്ക് പരിശീലനം നൽകിയ പോപ്പുലർഫ്രണ്ട് പ്രവർത്തകരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പുലർഫ്രണ്ടിനെതിരായ നീക്കം കേന്ദ്രസർക്കാർ കൂടുതൽ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 29ന് അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
എൻഐഎ, ഇഡി, ഐബി ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിൽ പോപ്പുലർഫ്രണ്ടിനെതിരായ തെളിവുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ട അമിത് ഷാ നടപടി സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകി.
കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് തയ്യാറാക്കിയതിന് പിന്നാലെ ഈ മാസം 17 ന് വീണ്ടും ഉന്നതതല യോഗം ചേർന്നു. വ്യാപക പരിശോധന നടത്താൻ ഈ യോഗത്തിലായിരുന്നു നിർദ്ദേശം നൽകിയത്. പുലർച്ചെ 1നും 7 നും ഇടയിൽ പരിശോധന പൂർത്തിയാക്കണം എന്നായിരുന്നു നിർദ്ദേശം.
ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് 2017 മുതൽ എൻഐഎ സംഘടനയെ നിരീക്ഷിച്ചുവരികയായിരുന്നു. ഈ റിപ്പോർട്ടും എൻഐഎ ആഭ്യന്തര മന്ത്രാലയം മുൻപാകെ സെപ്തംബർ 19 ന് സമർപ്പിച്ചിരുന്നു.