‘ഞാന്‍ മോദിയുടെ ആരാധകന്‍’; കേജ്‌രിവാളിന് അത്താഴം നല്‍കി താരമായി, ഇപ്പോള്‍ ബിജെപി

1 min read

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അത്താഴമൊരുക്കിയ ഗുജറാത്തിലെ ഓട്ടോ ഡ്രൈവര്‍ ബിജെപി റാലിയില്‍. കേജ്‌രിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ഓട്ടോ ഡ്രൈവര്‍ വിക്രം ദന്താനി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും അത്താഴമൊരുക്കുകയും ചെയ്തത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സെപ്റ്റംബര്‍ 13ന് അഹമ്മദാബാദില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കേജ്‌രിവാളിനെ, വിക്രം വീട്ടിലേക്ക് ക്ഷണിച്ചതും അദ്ദേഹം ക്ഷണം സ്വീകരിച്ചതും. വിക്രമിന്റെതന്നെ ഓട്ടോറിക്ഷയിലാണ് കേജ്‌രിവാള്‍ വീട്ടിലേക്കു പോയത്.

എന്നാല്‍ വെള്ളിയാഴ്ച, വിക്രം ദന്താനി ബിജെപി റാലിയില്‍ പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നു. രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിലേക്കാണ് കാവി ഷാളും തൊപ്പിയും ധരിച്ച് വിക്രം എത്തിയത്. കേജ്‌രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും താന്‍ മോദിയുടെ കടുത്ത ആരാധകനാണെന്നും ബിജെപി അനുയായിയാണെന്നും വിക്രം മാധ്യമങ്ങളോടു പറഞ്ഞു.

”യൂണിയന്‍ നേതാക്കള്‍ എന്നോട് ആവശ്യപ്പെട്ടതിനാലാണ് ഞാന്‍ കേജ്‌രിവാളിനെ അത്താഴത്തിന് ക്ഷണിച്ചത്. അദ്ദേഹത്തിന് എന്റെ വീട്ടില്‍ ഭക്ഷണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍, കേജ്‌രിവാള്‍ അത് സ്വീകരിച്ചു. അത് ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് ആം ആദ്മി പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. ആ സംഭവത്തിനു ശേഷം ഒരു എഎപി നേതാവുമായും ഞാന്‍ ബന്ധപ്പെട്ടിട്ടില്ല.”വിക്രം ദന്താനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മോദിയുടെ കടുത്ത ആരാധകനായതുകൊണ്ടാണ് താന്‍ റാലിയില്‍ പങ്കെടുത്തതെന്നും വിക്രം പറഞ്ഞു. ആദ്യം മുതല്‍ ബിജെപിക്കൊപ്പമാണ്. മുന്‍കാലങ്ങളില്‍ ബിജെപിക്ക് മാത്രമാണ് വോട്ടു ചെയ്തിട്ടുള്ളത്. ഒരു സമ്മര്‍ദത്തിനും വഴങ്ങിയല്ല താന്‍ ഇതു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.