മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടാന്‍ ക്വാട്ട: കാരണം കാണിക്കല്‍ നോട്ടീസ് പുറത്തു വിട്ട എ.എസ്.ഐക്കെതിരെ നടപടി?
1 min readതൃശ്ശൂര്‍: മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടാനുള്ള ക്വാട്ട തികയ്ക്കാത്ത എഎസ്ഐ ക്കെതിരെ വകുപ്പു തല നടപടിക്ക് സാധ്യത. തൃശ്ശൂര്‍ കണ്ട്രോള് റൂം സി.ഐ നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് പുറത്ത് പ്രചരിപ്പിച്ചെന്ന് കാണിച്ചാവും പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പു തല നടപടി എടുക്കുക. സി.ഐ നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് എഎസ്ഐ മോഹനകുമാരന്‍ ഇന്ന് മറുപടി നല്‍കിയേക്കും.
കഴിഞ്ഞ പതിനാലിനാണ് മദ്യപിച്ച് വാഹനമോടിക്കുന്ന രണ്ട് പേരെയെങ്കിലും പിടികൂടാന്‍ പൊലീസ് ഉദ്യോഗസ്ഥന് തൃശൂര്‍ സിറ്റി കണ്ട്രോള് റൂം സി ഐ ക്വാട്ട നിശ്ചയിച്ച് നല്‍കിയത്. ഒരാളെ മാത്രം പിടികൂടിയ മോഹനകുമാരന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
കുറഞ്ഞത് രണ്ട് പേരെയെങ്കിലും പിടികൂടാനാവാത്തത് കൃത്യവിലോപവും അച്ചടക്ക ലംഘനവുമെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറഞ്ഞിരുന്നത്. 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നു കണ്ട്രോള് റൂം സി ഐ ശൈലേഷ് കുമാര്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാരണം കാണിക്കല്‍ നോട്ടീസ് പുറത്തായതോടെ സംഭവം വിവാദമായെങ്കിലും നോട്ടീസ് പുറത്തുവിട്ടത് അച്ചടക്ക ലംഘനമാണെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍.