കേരളത്തിലെ നീതിന്യായവ്യവസ്ഥ തകര്‍ന്നു: കെ.സുരേന്ദ്രന്‍

1 min read

കോഴിക്കോട്: ഗവര്‍ണര്‍ പറയുന്നതാണ് ശരിയെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. കേരളത്തില്‍ നീതിന്യായവ്യവസ്ഥ തകര്‍ന്നിരിക്കുകയാണെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറ!ഞ്ഞു. അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് സുപ്രീംകോടതിയില്‍ പോവുകയാണ് പിണറായി വിജയന്‍. മണിക്കൂറിന് 50 ലക്ഷം രൂപ ഫീസുള്ള നരിമാനെയും 15.50 ലക്ഷം ഫീസുള്ള കപില്‍ സിബലിനെയും വെച്ച് ഗവര്‍ണറുടെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും സമാനമായ രീതിയില്‍ കോടികളാണ് കോടതിയില്‍ ചിലവഴിച്ചത്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കടമെടുക്കേണ്ട ഗതികേടിലാണ് ധനവകുപ്പ്. അപ്പോഴാണ് തങ്ങളുടെ അഴിമതി മൂടിവെക്കാന്‍ സ്വജനപക്ഷപാതം നടത്താന്‍ ഖജനാവ് കൊള്ളയടിക്കുന്നത്. തിരുവനന്തപുരം മേയറുടെ കത്ത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. പുറത്തുവരാത്ത പതിനായിരക്കണക്കിന് കരാര്‍ നിയമനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ മേയറുടെ പേരില്‍ കത്തയച്ചയാളെ പിടികൂടാം. കത്ത് തന്റേതല്ലെന്ന് പറഞ്ഞ് പ്രശ്‌നത്തില്‍ നിന്നും തലയൂരാനുള്ള പാഴ്ശ്രമമാണ് മേയര്‍ കാണിക്കുന്നത്. ജനവികാരത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഗവര്‍ണര്‍ക്കെതിരായ ഇടത് സമരമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഒമ്പത് വൈസ്ചാന്‍സിലര്‍മാരും ധനമന്ത്രി കെഎന്‍ ബാലഗോപാലും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വിപുലമായ പ്രക്ഷോഭം ആരംഭിക്കും. പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ഈ മാസം 15 മുതല്‍ 30 വരെ എല്ലാ വീടുകളിലുംപാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്പര്‍ക്കം നടത്തും. 18,19 തിയ്യതികളില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനകീയ കൂട്ടായ്മ നടത്തും. ഗവര്‍ണര്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ബിജെപി ഏറ്റെടുക്കും. നിര്‍ഭാഗ്യവശാല്‍ ഔദ്യോഗിക പ്രതിപക്ഷം സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ നില്‍ക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്ത് ഭരണസ്തംഭനത്തിലേക്കാണ് പിണറായി വിജയന്‍ നാടിനെ കൊണ്ടു പോകുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

മുന്നോക്കകാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച സുപ്രീംകോടതിവിധി സ്വാഗതാര്‍ഹമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ കൊക്കൊണ്ട വിപ്ലവകരമായ നടപടിയാണിത്. ആ നടപടിക്കുള്ള അംഗീകാരമാണ് സുപ്രീം കോടതിവിധി. ബിജെപി കാലാകാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണിതെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.