ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവം; പൊലീസ് വീഴ്ചയില്‍ അന്വേഷണം, കുട്ടി ആശുപത്രിയില്‍ തുടരുന്നു

1 min read

കണ്ണൂര്‍: തലശ്ശേരിയില്‍ ആറ് വയസുകാരനെ യുവാവ് ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയോയെന്ന പരിശോധന തുടങ്ങി. വ്യാഴാഴ്ച രാത്രി സംഭവം നടന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. ഇതില്‍ തലശ്ശേരി പൊലീസിന് സംഭവിച്ച വീഴ്ചയാണ് എഎസ്പി നിഥിന്‍ രാജ് അന്വേഷിക്കുക. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, എസ്‌ഐ അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുക്കും. അക്രമത്തിനിരയായ കുട്ടിയിപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. കുട്ടിയെ തൊഴിച്ച മുഹമ്മദ് ഷിഹാദിനെ കോടതി ഇന്നലെ പതിന്നാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.

വ്യാഴാഴ്ച വൈകീട്ടാണ് ദാരുണ സംഭവമുണ്ടായത്. തന്റെ കാറില്‍ ചവിട്ടിയെന്നാരോപിച്ചാണ് മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ യുവാവ്, രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ചത്. ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ടായിട്ടും തുടക്കത്തില്‍ കേസെടുക്കാതെ പൊലീസ് പ്രതിയെ വിട്ടയക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ടും ദൃശ്യങ്ങളും പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടികളിലേക്ക് കടന്നതും പ്രതിയെ അറസ്റ്റ് ചെയ്തതും.

കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പ്രതിയുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കിയേക്കും. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി ബോധിപ്പിക്കാന്‍ മുഹമ്മദ് ഷിഹാദിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എ സി ഷീബയാണ് കുട്ടിക്കെതിരായ അതിക്രമ കേസിലെ പ്രതിക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.

Related posts:

Leave a Reply

Your email address will not be published.