‘അജ്ഞാതന്‍’ കുറവന്‍കോണത്തെ വീട്ടില്‍ ഇന്നലെയുമെത്തി, സിസിടിവി ദൃശ്യങ്ങള്‍
1 min readതിരുവനന്തപുരം : തിരുവനന്തപുരം കുറവന്‍ കോണത്തെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്നതിന് സമാനമായ രീതിയില്‍ ഇന്നലെ രാത്രിയും അതിക്രമം. ബുധനാഴ്ച രാത്രി അതിക്രമം നടത്തിയ അതേയാള്‍ ഇന്നലെ രാത്രിയും ഈ വീട്ടിലെത്തി. സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. എന്നാല്‍ മുഖം മറച്ചാണ് യുവാവ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം കണ്ട അതേ ആളാണ് ഇന്നലെ രാത്രിയും വീട്ടിലെത്തിയതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ബുധനാഴ്ച പുലര്‍ച്ചെ പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീയെ മ്യൂസിയത്തില്‍ വെച്ച് ആക്രമിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളാണ് കുറവന്‍ കോണത്തെ വീട്ടില്‍ കയറി അതിക്രമം നടത്തിയത്. ഇയാള്‍ തന്നെയാണ് ഇന്നലെയും ഈ വീട്ടിലെത്തിയതെന്നാണ് വിവരം.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ആദ്യമായി ഇയാള്‍ കുറവന്‍കോണത്തെ വീട്ടില്‍കയറിയത്. രാത്രി 9.45 മണി മുതല്‍ ഇയാള്‍ കുറവന്‍ കോണത്തെ വീടിന്റെ പരിസരത്തുണ്ടെന്ന്. അ!ര്‍ദ്ധരാത്രി 11.30 നാണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷം വീടിന്റെ മുകള്‍ നിലയിലേക്കുള്ള ഗേറ്റിന്റെയും മുകള്‍നിലയിലെ ഗ്രില്ലിന്റെയും പൂട്ടു തകര്‍ത്തു. ജനലും തകര്‍ക്കാന്‍ ശ്രമിച്ചു. മൂന്നര വരെ ഇയാള്‍ ഇവിടെത്തന്നെയുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ കുറവന്‍കോണത്ത വീട്ടമ്മ പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
കുറവന്‍കോണത്ത് വീടിനകത്ത് കടക്കാന്‍ ശ്രമിച്ച അജ്ഞാതനോട് സാമ്യമുള്ളയാള്‍ അമ്പമുക്കിലെ വീട്ടില്‍ കയറാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തിരുവോണ ദിവസം രാത്രി വൈകി ഒരാള്‍ അമ്പലമുക്കിലെ വീട്ടില്‍ കയറാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചു. പ്രതിയടക്കമുള്ള ദൃശ്യം സഹിതം പേരൂര്‍ക്കട പൊലീസിന് പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാനായില്ല.
തിരുവോണ ദിവസം രാത്രി രണ്ട് മണിയോടെയാണ് അജ്ഞാതന്‍ വീട്ടിലെത്തിയത്. കുറവന്‍ കോണത്തിന് സമാനമായ രീതിയില്‍ ടെറസ് ഭാഗത്ത് കൂടിയാണ് ഇയാള്‍ വീട്ടിലേക്ക് കടന്നത്. അതിന് ശേഷം സിസിടിവി ശ്രദ്ധയില്‍പ്പെട്ടതോടെ ഇലക്ട്രിക് ഫ്യൂസ് ഊരി. ഇതോടെ സിസിടിവി ഓഫായി. പിറ്റേ ദിവസമാണ് വീട്ടുടമസ്ഥരുടെ ശ്രദ്ധയിലിത് പതിഞ്ഞത്. മോഷണം നടന്നില്ല. ദൃശ്യങ്ങളടക്കം കൃത്യമായി പരാതി നല്‍കിയിട്ടും പ്രതിയെ പിടിക്കാന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. അതിനിടെ മ്യൂസിയത്തില്‍ സ്ത്രീയെ ആക്രമിച്ച പ്രതിയെ കുറിച്ച് നിര്‍ണായക സൂചന കിട്ടിയെന്നാണ് പൊലീസ് അറിയിക്കുന്നത്. അക്രമിയെത്തിയ വാഹനം കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.