കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

1 min read

കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെതിരെ വാശിയേറിയ മത്സരം കാഴ്ചവെച്ചതിലൂടെ ശ്രദ്ധേയനായ പാച്ചേനി 2016 മുതല്‍ 2021 വരെ ഡിസിസി അധ്യക്ഷനുമായിരുന്നു. 2001 ല്‍ നിയമസഭയിലേക്ക് മലമ്പുഴയില്‍ മത്സരിക്കുന്ന വി എസിനെ നേരിടാന്‍ കോണ്‍ഗ്രസ് കണ്ടുവച്ചത് സതീശന്‍ പാച്ചേനിയെയായിരുന്നു. ഇരുപത്തി അയ്യായിരത്തിലേറെ വോട്ടിന് ഇടത് സ്ഥാനാര്‍ത്ഥികള്‍ പുഷ്പം പോലെ ജയിച്ചിരുന്ന മലമ്പുഴയില്‍ വിഎസിന്റെ ഭൂരിപക്ഷം വെറും 4703 ആയി. 2006 ലും കൊമ്പുകോര്‍ത്തെങ്കിലും വി എസ് പാച്ചേനിയെ നിലംപരിശാക്കി. 2009 ല്‍ പാലക്കാട് നിന്ന് ലോക്‌സഭയിലേക്ക് ഒരു കൈനോക്കിയെങ്കിലും ക്ലച്ച് പിടിക്കാതെ പാച്ചേനി കണ്ണൂര്‍ക്ക് മടക്ക ടിക്കറ്റെടുത്തു.

പാച്ചേനിയെന്ന കമ്യൂണിസ്റ്റ് മണ്ണില്‍ 1968 ജനുവരി അഞ്ചിനായിരുന്നു സതീശന്റെ ജനനം. മാതാപിതാക്കളും കുടുംബക്കാരുമെല്ലാ സിപിഎമ്മുകാരായിരുന്നു. അടിന്തരാവസ്ഥയ്ക്ക് എതിരെ, സാക്ഷാല്‍ ഇന്ദിരയ്ക്ക് എതിരെ പ്രസംഗിച്ച ആന്റണിയുടെ ആദര്‍ശം കണ്ടിട്ടാണ് സതീശന്‍ ത്രിവര്‍ണകൊടി പിടിച്ചുതുടങ്ങിയത്. ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകനായെങ്കിലും സംഘടന പ്രവ!!ര്‍ത്തനം നിര്‍ത്തിയില്ല. 96 ല്‍ തളിപ്പറമ്പില്‍ നിന്നും നിയമസഭയിലേക്ക് കന്നിയംഗത്തില്‍ ഗോവിന്ദന്‍ മാസ്റ്ററോട് തോറ്റു. 1999 ല്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റായി. കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിലായിരുന്നു. 2016 ല്‍ കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ അമരക്കാരനായതോടെ സുധാകര പക്ഷത്തേക്ക് ചാഞ്ഞു. സിപിഎമ്മിന്റെ അധീശത്വമുള്ള കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായിരുന്ന സമയത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം കൊടുക്കാന്‍ ഓരോ ഇടങ്ങളിലും പാച്ചേനി ഓടിയെത്തി.

Related posts:

Leave a Reply

Your email address will not be published.