അരുണാചല്‍പ്രദേശ് ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ കെവിഅശ്വിന് യാത്രമൊഴി,സൈനിക ബഹുമതികളോടെ സംസ്‌കാരം

1 min read

കാസര്‍കോട്:അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ കെവി അശ്വിന് യാത്രമൊഴി. ജന്മനാടായ കാസര്‍കോട് ചെറുവത്തൂരിലെ പൊതുജന വായനശാലയിലെത്തിച്ച സൈനീകനെ അവസാനമായി കാണാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. പൊതുദര്‍ശനത്തിന് ശേഷം സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ചെറുവത്തൂര്‍ കിഴക്കേമുറിയില്‍ അശ്വിന്‍ സ്ഥിരമായി കബഡി കളിക്കാറുണ്ടായിരുന്ന മൈതാനത്തിന് സമീപമായിരുന്നു പൊതുദര്‍ശനം. നൂറുകണക്കിന് പേരാണ് പ്രിയ സൈനികനെ കാണാന്‍ ഒഴുകിയെത്തിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി അഹമ്മദ് ദേവര്‍ കോവിലും മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദും അന്തിമോപചാരം അര്‍പ്പിച്ചു.മൃതദേഹം കിഴക്കേമുറിയിലെ വീട്ടിലേത്തിച്ചപ്പോള്‍ ഹൃദയഭേദകമായ രംഗങ്ങളാണുണ്ടായത്.

വീട്ടുവളപ്പില്‍ അശ്വിന് അന്ത്യവിശ്രമത്തിന് സൗകര്യം ഒരുക്കിയിടത്തും ജനനിബിഡമായിരുന്നു. നിറകണ്ണുകളോടെ നിരവധി പേര്‍. ധീരജവാന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.പൊലീസിന്റേയും സൈന്യത്തിന്റേയും ഔദ്യോഗിക ബഹുമതികളോടെയായിരുന്നു യാത്രയയപ്പ്..അശ്വിന്റെ സഹോദരിമാരുടെ മക്കളായ ആതുലും ചിയാനും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി.ഇരുപത്തിനാലാം വയസില്‍ ജനമനസുകളില്‍ ഇടംനേടി ധീര ജവാന്റെ മടക്കം.

അരുണാചല്‍ പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. അപകടത്തില്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായി സൈന്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. അപകടത്തിന് തൊട്ടുമുന്‍പ് എയര്‍ ട്രാഫിക് കണ്ട്രോളിന് അപായ സന്ദേശം ലഭിച്ചിരുന്നു. ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ട് എന്ന സന്ദേശമാണ് പൈലറ്റില്‍ നിന്നും കിട്ടിയത്. ഇത് കേന്ദ്രീകരിച്ചാകും അന്വേഷണമെന്നും സൈനിക വക്താവ് അറിയിച്ചു. ഹെലികോപ്റ്റര്‍ പറന്നുയരുമ്പോള്‍ കാലാവസ്ഥ അനുകൂലമായിരുന്നു.

Related posts:

Leave a Reply

Your email address will not be published.