ഭീകരവാദികള്‍ പോലും ചെയ്യാത്ത മര്‍ദ്ദനം, കിളികൊല്ലൂര്‍ വിഷയത്തില്‍ സൈന്യം ഇടപെടുന്നു

1 min read

തിരുവനന്തപുരം: ഭീകരവാദികള്‍ പോലും ചെയ്യാത്ത തരത്തിലുള്ള മര്‍ദ്ദനമാണ് കിളികൊല്ലൂരില്‍ സൈനികനായ വിഷ്ണുവിന് നേരെ പൊലീസില്‍ നിന്നുണ്ടായതെന്ന് കരസേന റിട്ടയേര്‍ഡ് കേണല്‍ എസ് ഡിന്നി. വെറും ഈഗോയുടെ പേരില്‍ മൃഗീയമായി ആക്രമിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കേണല്‍ ഡിന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചില ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവിട്ടത്. എന്നാല്‍ പൊലീസുകാരനാണ് ആദ്യം വിഷ്ണുവിനെ അടിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു കുറ്റവും ചെയ്യാത്തയാളെ, ഷര്‍ട്ടില്‍ പിടിച്ച് വലിച്ചുകൊണ്ടാണ് അകത്തേക്ക് കൊണ്ടുവരുന്നത്. ഇങ്ങനെ ചെയ്താല്‍ ആരായാലും പ്രതികരിച്ച് പോകുമെന്നും കേണല്‍ ഡിന്നി പറഞ്ഞു.

സൈനികനെ അറസ്റ്റ് ചെയ്യുകയോ എഫ്‌ഐആര്‍ ചുമത്തുകയോ ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ അടുത്ത മിലിട്ടറി സ്റ്റേഷനില്‍ അറിയിക്കണമെന്നാണ്. എന്നാല്‍ പൊലീസ് അത് ചെയ്തില്ല. പിന്നീടാണ് പാങ്ങോട്ട് മിലിട്ടറി സ്റ്റേഷനില്‍ അറിയിക്കുന്നത്. തുടക്കത്തിലെ പാളിയതുകൊണ്ടാണ് വ്യാജ എംഡിഎംഎ കേസാക്കാന്‍ പൊലീസ് ശ്രമിച്ചതെന്നും കേണല്‍ ഡിന്നി കുറ്റപ്പെടുത്തി. ഒരു സൈനികനെ അറസ്റ്റ് ചെയ്യണമെങ്കില്‍ ആര്‍മി ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നും കേണല്‍ പറഞ്ഞു. വിഷ്ണുവിന്റെ സഹോദരന്‍ വിഘ്‌നേഷ് ഡിവൈഎഫ് പ്രവര്‍ത്തകനാണ്. അതുകൊണ്ട് മാത്രമാണ് വിഷയം ഇത്രയെങ്കിലും ജനങ്ങളിലേക്ക് എത്തിയതെന്നും കേണല്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.