എയിംസ് ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ല, പോരാട്ടം അവസാനിപ്പിച്ചിട്ടില്ല; കരുത്തിന്റെ പര്യായമായി ദയാബായി
1 min readതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയുള്ള 18 ദിവസത്തെ നിരാഹാര സമരത്തിന് ശേഷവും കരുത്തിന്റെ പര്യായമാവുകയാണ് ദയാബായി. ദുരിതബാധിതര്‍ക്കായുള്ള പോരാട്ടം ഇനിയും തുടരും എന്നാണ് ദയാബായിയുടെ നിലപാട്. കാസര്‍കോഡ് എയിംസ് വേണമെന്ന നിലപാടില്‍ ദയാബായി ഉറച്ചുനില്‍ക്കുകയാണ്. 18 ദിവസത്തെ നിരാഹാരസമരത്തിന് ശേഷവും തന്റെ ആരോഗ്യത്തിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ദയാബായി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പൊലീസുകാര്‍ നിര്‍ബന്ധിച്ച് സ്‌ട്രെച്ചറില്‍ കയറ്റിയപ്പോള്‍ മുട്ടിന് ചെറിയൊരു പ്രശ്‌നം സംഭവിച്ചു. അതിന്റെ വേദനയും പ്രശ്‌നവുമുണ്ട്.
കേരളത്തില്‍ ഇത്രയും വര്‍ഷങ്ങളായി ആളുകള്‍ ഇങ്ങനെ കിടക്കുന്നു എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഓരോ സമരത്തിലും എന്തെങ്കിലും കിട്ടും. പിന്നെയും സമരം. ഇവര് സമരക്കാരായി പോകുന്നത് പോലെയാണ് കാര്യങ്ങള്‍. എയിംസിന്റെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഞങ്ങളുടെ ആദ്യത്തെ ആവശ്യം അതായിരുന്നു. എയിംസിനെക്കുറിച്ച് എനിക്കറിയാവുന്ന കാര്യം അവര്‍ക്ക് ഒരു ഗവേഷണ മനസ്ഥിതി ഉണ്ട്. അതിവിടെ ഒരിടത്തും ഇല്ല. അതുകൊണ്ടാണ് എയിംസ് ഇവിടെ തന്നെ വേണമെന്ന് ആവശ്യപ്പെടുന്നത്. ദയാബായി പ്രതികരിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ദയാബായി നടത്തിയിരുന്ന 18 ദിവസത്തെ നിരാഹാര സമരം രണ്ട് ദിവസമാണ് അവസാനിപ്പിച്ചത്. അവസാനിപ്പിക്കുന്നത് നിരാഹാരം മാത്രമാണെന്നും ഇരകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ദയാബായി വ്യക്തമാക്കിയിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദയാബായി ആശുപത്രിയിലും സമരം തുടരുകയായിരുന്നു.