സെല്‍ഫിയ്ക്കിടെ കുതിച്ചെത്തി മലവെള്ളം; ഞെട്ടലായി ഹാര്‍ഷയുടെ മരണം
1 min readകരുവാരക്കുണ്ട് മഞ്ഞളാംചോല പ്രകൃതി മനോഹരിയാണ്. ഈ മനോഹാരിത കണ്ടു ഭംഗി നുകരാന്‍ ചോലയില്‍ ഇറങ്ങിയപ്പോഴാണ് ആലപ്പുഴ സ്വദേശിയായ ഇരുപത്തിനാലുകാരി ഹാര്ഷയ്ക്ക് ജീവന് നഷ്ടമായത്. ഒരു ഫോട്ടോ എടുക്കുന്ന നേരം. ഇതിന്നിടയിലാണ് മഴയുടെ ലാഞ്ചനപോലുമില്ലാത്ത ഇടത്ത് മലവെള്ളം കുതിച്ചെത്തിയത്. ഹാർഷയുടെ അമ്മയും അച്ഛനും നോക്കിനിൽക്കെയാണ് അപകടം.
അരവിന്ദാക്ഷന്റെ മകൻ രഞ്ജിത്ത്, മരുമകൻ സുജിത്ത്, ഭാര്യ രമ്യ, മക്കളായ ദിൽഷ (13), ശ്രേയ (എട്ട്) എന്നിവരും ഒഴുക്കിൽപെട്ടെങ്കിലും രക്ഷപ്പെട്ടു. ഹാര്ഷയെയാണ് വിധി തട്ടിയെടുത്തത്. അരവിന്ദാക്ഷന്റെ വീട്ടിലേക്കു കുടുംബസമേതം വിരുന്നു വന്നതായിരുന്നു ഹാർഷ. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ കല്‍ക്കുണ്ട് ക്രിസ്ത്യന്‍ പള്ളിക്ക് പിറകില്‍ ഒലിപ്പുഴയിലെ പാറയില്‍ തങ്ങിനില്ക്കുന്ന നിലയില്‍ ഹാര്‍ഷയെ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചങ്കിലും മരണപ്പെട്ടിരുന്നു.
മലവെള്ളപ്പാച്ചിലിൽ യുവതി മരിച്ച സംഭവത്തിൽ നടുക്കം മാറാത്ത അവസ്ഥയിലാണ് ബന്ധുക്കൾ. പാറക്കൂട്ടങ്ങളും മരങ്ങളും നിറഞ്ഞ ചോലയുടെ സൗന്ദര്യം ആസ്വദിക്കാൻ ബന്ധുക്കളോടൊപ്പം ചോലയിൽ ഇറങ്ങിയതായിരുന്നു ഹാര്‍ഷ. പാറക്കൂട്ടങ്ങൾക്കു മുകളിൽനിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പൊടുന്നനെ മലവെള്ളം കുതിച്ചെത്തുകയായിരുന്നു. നിമിഷനേരം കൊണ്ട് ഹാർഷയെ ഒഴുക്കിൽപെട്ട് കാണാതായി. സുജിത്ത് താഴെ കമ്പിൽ പിടിച്ചു രക്ഷപ്പെട്ടു.
നാട്ടിൽ മഴയില്ലെങ്കിലും മലവാരത്തുണ്ടാകുന്ന മഴയിൽ ചോല നിറഞ്ഞ് അപകടം വരുത്തുന്നത് പതിവാണ്. തെളിഞ്ഞ കാലാവസ്ഥയിൽ ചോലയിൽ കുളിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും എത്തുന്നവരാണ് അപകടത്തിൽപെടുന്നത്. മണലിയാംപാടത്തുനിന്ന് ഉദ്ഭവിക്കുന്ന ചോലയിൽ മലവെള്ളമെത്തിയില്ല. 2 ചോലകളും കൽക്കുണ്ടിൽ ഒന്നിച്ചാണ് ഒലിപ്പുഴയായി മാറുന്നത്. ഇന്നലെ വൈകിട്ട് മഞ്ഞളാംചോലയിൽ മാത്രമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ഇതില്‍ ഹാര്ഷയ്ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു.