പോലീസിന്റെ ഒളിച്ചുകളി തുടരുന്നു; നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് പ്രേമനന്
1 min readതിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നില്‍ വെച്ച് അച്ഛനെ മര്‍ദ്ദിച്ച കെ.എസ്.ആര്.ടി.സി ജീവനക്കാരെ പിടികൂടാതെ പോലീസിന്റെ ഒളിച്ചുകളി തുടരുന്നു. പോലീസില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നാണ് മര്‍ദനത്തിനിരയായ പ്രേമനന് പ്രതികരിക്കുന്നത്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കും. സംഭവത്തിന്റെ വീഡിയോ ഇല്ലായിരുന്നെങ്കില്‍ താന്‍ ഏതെങ്കിലും ജയിലില്‍ റിമാന്‍ഡില്‍ കഴിയുമായിരുന്നുവെന്നും മര്‍ദനത്തിനരയായ പ്രേമനന് പറയുന്നു.
ഈ മാസം 20നാണ് കാട്ടാക്കട ഡിപ്പോയില്‍ വെച്ച് പ്രമേനനും മകളും ക്രൂര മര്‍ദനത്തിന് ഇരയായത്. ഈ കേസില്‍ ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ല. യൂണിയന് നേതാക്കളുടെ സമ്മര്‍ദ്ദമുണ്ടെന്നാണ് തെളിയുന്നതെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ നിയമ വിദഗ്ധരെ കണ്ട് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയേയും ഡിജിപിയേയും നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സംവിധാനം ആരുടേയൊക്കെയോ ചട്ടക്കൂട്ടിലാണെന്നും പൊതുസമൂഹം ഇത് ചര്‍ച്ച ചെയ്യുമെന്നും പ്രേമനന് പറഞ്ഞു. നീതികിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും തന്നെ കുറ്റക്കാരനാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.