കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി; പുതിയ ചിത്രം പുറത്ത്
1 min readതിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. താടി വളർത്തിയ കോടിയേരിയുടെ ചിത്രം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നവ മാധ്യമങ്ങളിൽ പങ്കുവച്ചു. ആദ്യമായാണ് താടി വളർത്തിക്കൊണ്ടുള്ള കോടിയേരിയുടെ ചിത്രം പുറത്തുവരുന്നത്.
ഭാര്യ വിനോദിനി കോടിയേരിയുടെ കൂടെ തോളത്ത് കൈയിട്ട് നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. മിനിറ്റുകൾക്കുള്ളിൽ നവ മാധ്യമങ്ങളിൽ ചിത്രം വൈറലായി.
കോടിയേരിയുടെ ആരോഗ്യനില അറിയുന്നതിന് ദിവസവും നൂറു കണക്കിന് ഫോൺ കോളുകളാണ് രാജ്യത്തിനകത്തും പുറത്തു നിന്നുമായി ആശുപത്രിയിലേക്കെത്തുന്നത്. ആരോഗ്യനില മെച്ചപ്പെട്ടു വരുന്ന കോടിയേരിയെ സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയെ കഴിഞ്ഞ മാസം 30-നാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.